ഒരു പനിക്കഥ

വല്ലാത്ത ഒരു മഴ തന്നെ. എത്ര നേരമായി നിന്നു പെയ്യുന്നു ക്ഷീണമില്ലാതെ ..! വാശിയോടെ കത്തിപ്പിടിച്ച കാട് പോലെ.... ഇതാണോ മഴക്കാട് എന്നു തോന്നിപ്പോയി.

ഷെമീറ റാഫി

5/28/20251 min read

ഒരു പനിക്കഥ

വല്ലാത്ത ഒരു മഴ തന്നെ. എത്ര നേരമായി നിന്നു പെയ്യുന്നു ക്ഷീണമില്ലാതെ ..! വാശിയോടെ കത്തിപ്പിടിച്ച കാട് പോലെ.... ഇതാണോ മഴക്കാട് എന്നു തോന്നിപ്പോയി.

വിജനമായ നിരത്തിൽ ഒരു വാഹനം പോലുമില്ല. പകലിനേയും ഇരുട്ടാക്കി എല്ലാ കാഴ്ചയും മറച്ചു കൊണ്ട് ഉറഞ്ഞു തുള്ളി പെയ്യുകയാണ്. വരാന്തയിൽ പുറത്തെ കാഴ്ചകൾ നോക്കി മടുത്തു കൊണ്ടിരുന്ന പുള്ളിച്ചെടിയെ മുറ്റത്തെ മഴയത്തേക്ക് എടുത്തു വയ്ക്കുമ്പോഴാണ് മേഘത്തോട് കലഹിച്ച് ഭൂമിയിലേക്ക് എടുത്തുചാടിയ ഒരു മഴത്തുള്ളി എൻ്റെ ശിരസ്സിൽ പതിച്ചത്.

ആവശ്യത്തിലധികം സങ്കടമുള്ളതുകൊണ്ടാവും ആ വലിയ മഴത്തുള്ളി എൻ്റെ മുടിയിഴകൾക്കുള്ളിൽ കരഞ്ഞു തീർത്തു. ഞാനും മഴത്തുള്ളിക്ക് ഒളിക്കാനിടം കൊടുത്തതും എന്നോട് സ്നേഹപൂർവ്വം അലിഞ്ഞു ചേർന്നതുമറിയാതെ നടന്നു.

രാത്രിയിൽ മഴത്തുള്ളി എന്നെ ഉറക്കാതെ പുതിയ ലോകത്തെ പുതിയ ശബ്ദങ്ങളെയെല്ലാം പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു. ഞാനറിഞ്ഞോ അറിയാതെയോ എന്നോട് ചേർന്ന അതിഥിയെ അത്ര താല്പര്യപ്പെടാത്ത പോലെ എൻ്റെ ശരീരം ചൂടും തണുപ്പും കൊണ്ട് പരീക്ഷിക്കാൻ തുടങ്ങി. എനിക്ക് മഴത്തുള്ളിയോട് പലതും പറയാനുണ്ട്.

പക്ഷേ- ഈ വേണ്ടാത്ത കൂട്ടുകെട്ടുണ്ടാക്കിയ അസഹ്യമായ തലവേദന കാരണം കണ്ണടച്ചു കിടക്കാനാണ് തോന്നിയത്. മഴ വാശിയോടെ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കാറ്റിൻ്റെ ശീൽക്കാരം കേട്ട മഴത്തുള്ളി നെറ്റിയിൽ വിയർപ്പുതുള്ളിയായി പുറത്തു വന്നു. തെങ്ങിൻ തലപ്പുകൾ കാറ്റിൽ ആടിയുലയുന്നുണ്ടെന്നും വൃക്ഷത്തലപ്പുകൾ തുടരെയുള്ള ജലധാരയിൽ തലയുയർത്തുവാനാകാതെ മഴയോട് ചില അഭ്യർത്ഥനകൾ നടത്തുന്നുണ്ടെന്നും എന്നോട് പറഞ്ഞു.

'മേഘങ്ങളിൽ ഇരുന്നാ മതിയായിരുന്നു. അവിടെ നിന്ന് ചാടിയതെന്തിനെന്ന് ' ഞാൻ ചോദിച്ചു. 'വെറുതെ ഒഴുകിനടന്നു കാഴ്ചകൾ കണ്ട് കൊണ്ടിരുന്ന നീ എടുത്തു ചാടി എൻ്റെ തലയിൽ വീണു .ഇപ്പോൾ ഞാനും കിടപ്പിലായി. ' ഒരു പാട് സങ്കടങ്ങൾ ഉണ്ടായിരുന്നെന്നും ഉള്ളിലൊതുക്കി വീർത്ത് വീർത്ത് ഞാനൊരു വലിയ തുള്ളിയായപ്പോൾ കാൽതെറ്റി വീണതാണെന്നും മഴത്തുള്ളി. ഇത്ര വലിയ സങ്കടക്കാരൻ്റെ സങ്കടം മുഴുവൻ ഏറ്റെടുത്തതാണെൻ്റെ തലവേദനയെന്ന് എനിക്ക് മനസ്സിലായി.

അങ്ങനെയൊന്നും ഇറങ്ങിപ്പോകാൻ എളുപ്പമല്ലാത്ത അതിഥി എൻ്റെ കണ്ണുകളിൽ നിറഞ്ഞുനിന്നു. ശരീരത്തിലെ ഊഷ്മാവ് ഉയർന്നപ്പോൾ ഞാനും മഴത്തുള്ളിയും ഒരുമിച്ച് അന്തരീക്ഷത്തിൽ കറങ്ങി നടന്നു. രണ്ടു കുമിളകളായി ഭാരമില്ലാതെ.....

ഇല്ലാത്ത കാറ്റിൽ ഞങ്ങൾ ഊഞ്ഞാലാടി . പുറത്തെ ഇടി മുഴക്കത്തിൽ ഞങ്ങൾ രണ്ടും പൊട്ടിത്തകർന്ന് ടപ്പേന്ന് നിലത്തടിച്ചു വീണു - പല തവണ. കൂരാകൂരിരുട്ടിൽ ചിലപ്പോഴൊക്കെ ഒറ്റയ്ക്കായ പോലെ തോന്നി. പ്രയാസപ്പെട്ട് അവിടന്നെണീക്കാൻ ശ്രമിച്ചു. എന്തൊരു ഭാരമാണ്...!

കണ്ണു തുറക്കുമ്പോൾ കട്ടിലിൽ എൻ്റെ മേലെ വലിയൊരു ചെമ്മരിയാട്ടിൻ കൂട്ടം കയറിക്കിടക്കുംപോലെ ഒരു വലിയ കമ്പിളി. അതിനെയെല്ലാം തള്ളി മാറ്റി ഓടിച്ചുവിട്ട് എണ്ണീറ്റിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു.

'മഴ കൊണ്ട് നല്ല നീരിറക്കം വന്നിട്ടുണ്ട്. '

ഞാൻ പറഞ്ഞു - 'ഒരു തുള്ളിയേ കൊണ്ടിട്ടുള്ളൂ. '

എനിക്കുമാത്രമറിയാവുന്ന ഈ സംഭവങ്ങളെ പനിയായി പ്രഖ്യാപിച്ച് ചൂടുചായയും മരുന്നും തന്ന് വീണ്ടും കിടത്തി. കണ്ണുകളടച്ചങ്ങനെ കിടന്നപ്പോൾ കണ്ണിൽ ഒളിച്ചിരിക്കുകയായിരുന്ന മഴത്തുള്ളി ചില മായക്കാഴ്ചകൾ കാട്ടിത്തന്നു. അതെന്നെ വലിയൊരു ജയൻ്റ് വീലിലെന്നപോലെ കറക്കി.

ഞാൻ നോക്കുമ്പോൾ എൻ്റെ മുറിയും കറങ്ങുന്നുണ്ട്. നന്നായിപിടിച്ചിരിക്കേണ്ടതുണ്ട്. കുറെ നിറങ്ങളിൽ നീണ്ട വരകളും ചില വാൽ നക്ഷത്രങ്ങളും മിന്നി മറഞ്ഞു. അരിമണിയേക്കാൾ ചെറിയ ചില മിനുങ്ങു വെളിച്ചങ്ങൾ കൺപീലികളിൽ മിന്നിയും മറഞ്ഞും പള്ളിപെരുന്നാളു കളിച്ചു. ചീവിടുകൾ നിർത്താതെ പീപ്പിയൂതുന്നു.

തവളകളാണെങ്കിൽ അടങ്ങാത്ത പ്രതിഷേധം പോലെ ശക്തമായി ഒച്ച വെച്ചു കൊണ്ടിരുന്നു. ഏതൊക്കെയോ ദ്രവിച്ച ചെറുചില്ലകളും വെള്ളയ്ക്കാകളും കാറ്റിൽ തെറിച്ചു വീഴുന്ന ശബ്ദങ്ങൾ കൂടി കേൾക്കാമായിരുന്നു. എൻ്റെ നിശ്വാസത്തിൻ്റെ ചൂടേറ്റ് ചെമ്മരിയാടുകൾ അൽപം മാറിക്കിടന്നു. റോഡിലൂടെ പോകേണ്ടിയിരുന്ന ഒറ്റപ്പെട്ട ചില വണ്ടികൾ എൻ്റെ ചെവിയിലൂടെ ശിരസ്സിനകത്തേക്ക് കയറിയിറങ്ങിപ്പോയി. അതിൻ്റെ വെളിച്ചത്തിൽ തിളങ്ങി ചാറ്റൽമഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്.

എൻ്റെ കയ്യിൽ കുടയുമില്ല. നനഞ്ഞുകുളിച്ച് ആ മഴയത്ത് ഞാൻ എത്ര സമയമായിനിൽക്കുകയാണ്..! വസ്ത്രങ്ങൾ തൊട്ടുനോക്കിയപ്പോൾ പൂർണ്ണമായും നനഞ്ഞു. തണുത്തു വിറക്കുന്ന എന്നെ പൊതിയാൻ ആ ചെമ്മരിയാട്ടിൻ പറ്റത്തെ ഞാൻ അന്വേഷിച്ചു. അവ നീണ്ട മരുഭൂമിയിൽ അലയുകയാണ്. ഞാൻ അവയെ തേടിയിറങ്ങി. എൻ്റെ തൊണ്ട വരളുന്നു.

ഇത്തിരി വെള്ളം ഉടനെ കിട്ടണം. ഇപ്പോൾ നനവുമില്ല . മഴത്തുള്ളി എൻ്റെ ശരീരത്തിൻ്റെ വിഭ്രാന്തിയിൽ നിന്നും ഇറങ്ങിപ്പോകാൻ കഴിയാതെ എവിടെയൊക്കെയോ മാറി പാർക്കുന്നുണ്ട്. ഏതോ മൈതാനത്തിൽ എവിടെയോ തമിഴ് സംഗീതം -. വളരെ ദൂരെയല്ലാതെ ആൾ താമസമുണ്ടെന്ന് മനസ്സിലാക്കി ഞാൻ അൽപം ഉറക്കെ വെള്ളം ചോദിച്ചു........

കേട്ടില്ലെങ്കിൽ വീണ്ടും ചോദിക്കാം.

വെള്ളം...., വിളികേട്ടിരിക്കുന്നു ...!

നല്ല ചൂടുവെള്ളം ഒരു ഗ്ലാസ് കിട്ടി.

ആട്ടിൻപറ്റമെല്ലൊം എൻ്റെ മടിയിൽ കയറിക്കിടക്കുന്നു. അതിനെയെല്ലാം ചേർത്തുപിടിക്കാൻ നല്ല സുഖം തോന്നി. എൻ്റെ മഴക്കാടിലേക്ക് ഒപ്പം കൂട്ടാം . നല്ല രസമായിരിക്കും.

പുറത്ത് മഴയുടെ താളം അത്ര സുഖകരമല്ല. മഴത്തുള്ളി എന്നെ വിളിക്കുകയാണ് . പെയ്തുതോരുമ്പോഴേക്കും നമുക്ക് ചാറ്റൽ മഴയിൽ ഒഴുകി നടക്കാം .

തോടും പുഴയും കടന്ന് കടലിലലിയാം. അടിത്തട്ടിൽ ആഴങ്ങൾ തിരഞ്ഞ് പൊടുന്നനെ യുയർന്നു വന്ന് സൂര്യനെ കാണാം.....

കടലാഴത്തിൽ തണുപ്പോ ചൂടോ എന്ന് നോക്കീട്ടുവരാം. തണുപ്പാണെങ്കിൽ സൂര്യരശ്മികളെ ആഴത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം.

ചൂടാണെങ്കിൽ കാർമേഘങ്ങളെ കാത്തിരിക്കാം. അങ്ങകലെ നിന്നും വരുന്ന കാറ്റിൻ്റെ കൈകളിൽ കത്തുകൾ കൊടുത്തയക്കാം. കടൽ കഥകൾ പറയാം. തീരത്തടിഞ്ഞ ചിപ്പികളിൽ ചവുട്ടി ചവുട്ടി പൊട്ടിക്കാം. നനഞ്ഞ മണൽ പരപ്പിൽ പാദങ്ങളുടെ നീണ്ട പ്രതിഛായകളുണ്ടാക്കാം. വാ......

എനിക്കു കൊതിയായി. ഞാൻ കണ്ണുകളടച്ചു.

മഴത്തുള്ളിയും ഞാനും വീണ്ടും ഇറങ്ങി നടന്നു.

ഷെമീറ റാഫി