സ്വാതന്ത്ര്യത്തിൻ്റെ വീട്
ഒരു വീട് വേണം ...നിറയെ വാതിലുകളുള്ള ഒരു വീട്. ഇറങ്ങിപ്പോകുമ്പോൾ താക്കോൽ തേടേണ്ടാത്ത, കയറിവരുമ്പോൾ ഓടാമ്പലിൻ്റെ മുറുമുറുപ്പില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ വീട്....!
ഷെമീറ റാഫി
12/26/20251 min read


സ്വാതന്ത്ര്യത്തിൻ്റെ വീട്
ഒരു വീട് വേണം ...നിറയെ വാതിലുകളുള്ള ഒരു വീട്.
ഇറങ്ങിപ്പോകുമ്പോൾ താക്കോൽ തേടേണ്ടാത്ത, കയറിവരുമ്പോൾ ഓടാമ്പലിൻ്റെ മുറുമുറുപ്പില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ വീട്....!
ഉള്ളിലിരിക്കുമ്പോൾ കാറ്റുകൊള്ളാം, വെയിലും മഴയും അടുത്തു കാണാം. പക്ഷേ അവർ അഴികൾ പണിതുവച്ചില്ലേ.....! അങ്ങനെയാണ് ആകാശങ്ങൾ തേടിയത്.
പക്ഷേ ചിറകു തളരുമ്പോൾ വിശ്രമിക്കാൻ ഒരു ഒറ്റമരക്കമ്പു പോലും ഇല്ലാതെ, തെന്നിനീങ്ങുന്ന മേഘങ്ങളിൽ കാൽ വഴുതുന്ന പോലെ.
താഴെ നിന്ന് നോക്കിയപ്പോൾ വിലോലമേഘങ്ങളിൽ അങ്ങനെ ചാഞ്ഞുറങ്ങാമെന്നു കരുതി. പക്ഷേവല്ലാത്ത ഒരു ഉഷ്ണമായിരുന്നു.
ചിലതിന് നല്ല സുഗന്ധമായിരുന്നെങ്കിലും ചിലതെല്ലാം മഴനനഞ്ഞു പോലും കുളിക്കാത്ത ചില തെരുവോരങ്ങളുടെ ദുർഗന്ധവും.
അവയെ പഴിക്കാനാവില്ല.... അവരുടെ സഞ്ചാര പഥങ്ങൾ അങ്ങനെയാണല്ലോ !
കടൽക്കരയിൽ കരഞ്ഞുതീർത്തവരുടെ കണ്ണീരുപ്പുകളും, പൊന്തക്കാടുകളിലെറിഞ്ഞുകളഞ്ഞ പൈതങ്ങളുടെ ചോരക്കറയും, ആരുടെയൊക്കേയോ ചുടുനിശ്വാസങ്ങളും അട്ടഹാസങ്ങളും എല്ലാം കാറ്റുകൊണ്ടിട്ടത് മേഘങ്ങളിലായിരുന്നല്ലോ. -
കാറ്റിനെ പറയാമോ....? അതു പോകും വഴി മേഘങ്ങളിൽ തട്ടിവീണിരിക്കാം... കുറച്ചൊന്നുമല്ലല്ലോ കാറ്റേ നീ ചുമന്നുകൊണ്ടു പോകുന്നത്..!
പുറമേ നിന്നു നോക്കുമ്പോൾ സമ്മർദ്ദങ്ങളേതുമില്ലെന്ന് തോന്നിയതിനെയെല്ലാം അടുത്തു ചെന്നു നോക്കുമ്പോഴേ അറിയൂ... കാറ്റിനോട് ഇത്തിരിനേരം സംസാരിക്കാമോ? ശാന്തമായി .....? അതിനു പറയാനുള്ളത് കേൾക്കാൻ ഒറ്റയ്ക്ക് ഒരു വയൽക്കരയിൽ ......?
പാവമാണ്...എത്ര നല്ല സുഹൃത്തിനെയാണ് കാറ്റിന് തരാൻ കഴിയുക, ഒപ്പം കൂട്ടുമ്പോൾ- ഒരേ സമയംകണ്ണടച്ചും കണ്ണുതുറന്നും തൊട്ടറിയാം കാറ്റിൻ്റെ സാമീപ്യം. കൂടെ നടക്കണം കുറച്ച് പ്രണയിക്കുകയും വേണം..അതു കൊണ്ടു തന്നെ കാറ്റിന് എപ്പോഴും വന്നു പോകാൻ കഴിയുന്ന ഒരു വീട് വേണം , സ്വാതന്ത്ര്യത്തിൻ്റെ ഒരു കൊച്ചു വീട്. താഴില്ലാത്ത ഒരു വീട് ...
വെയിൽ കൂടെ വരട്ടെ, ഇരുട്ടിൻ്റെ മറകളില്ലാതെ എന്നെ കാണാൻ എനിക്ക് വെയിൽ വേണം. ഒരു തെളിഞ്ഞ പുഴ പോലെ വീട്ടിൽ കാറ്റും വെയിലും ഒഴുകിനടക്കട്ടെ. - എപ്പോഴെങ്കിലും എൻ്റെ മിഴികൾ നിറയുമ്പോൾ കവിൾത്തടങ്ങളിൽ നനവു പടരുമ്പോൾ തഴുകാൻ കാറ്റു വേണം , എൻ്റെ മുറിവുകൾ ഉണക്കിയെടുക്കാൻ അല്പം തെളിവെയിൽ വേണം. ഇല്ലിക്കാടുകളിലോ പൂത്തുലഞ്ഞ പൂമരക്കൊമ്പിലോ ഒരു വീടു പണിയാം..
ഇല്ലിത്തുമ്പത്ത് ആടിയുലഞ്ഞങ്ങനെ കൂടൊരുക്കുമ്പോൾ കാറ്റും വെയിലുംയഥേഷ്ടം വന്നു പോകട്ടെ, എന്നോടൊപ്പം താമസിക്കട്ടെ -
വെയിലെത്തുമ്പോൾ പൂർണ്ണശോണിമ പടരുന്ന - പൂമരത്തിൽ ഒരു ദ്വാരമുണ്ടാക്കി വീടൊരുക്കാം ....
കാറ്റിനോടൊപ്പം ഉയരെയുയരെ വാനിൽ പറന്ന് വീണ്ടും വീണ്ടും ചേക്കേറാനായി....
സുന്ദരമായ പൂമരമേ -ചിറകണയ്ക്കാൻ നീയെനിക്കൊരിടം തരിക. നിന്നിലലിഞ്ഞ് ഞാനൊരു കൂടുണ്ടാക്കട്ടെ. അതിന് സ്വാതന്ത്ര്യത്തിൻ്റെ വീട് എന്നു ഞാൻ പേരിടട്ടെ... നീയും ഞാനും കാറ്റും വെയിലും...
അതെത്ര മനോഹരമായിരിയ്ക്കും....!
- ഷെമീറ റാഫി