നിഴലിനെ പ്രണയിച്ച പെൺകുട്ടി

'ദൃഷ്ടിയുറച്ചിട്ടില്ല കുട്ടിയ്ക്ക് " നിഴലിനെ കാണാൻ തുടങ്ങിയ കാലം മുതൽ ആരൊക്കെയോ പറഞ്ഞു കേട്ടതാണിത്.

ഷെമീറ റാഫി

3/2/20241 min read

"ദൃഷ്ടിയുറച്ചിട്ടില്ല കുട്ടിയ്ക്ക് "

നിഴലിനെ കാണാൻ തുടങ്ങിയ കാലം മുതൽ ആരൊക്കെയോ പറഞ്ഞു കേട്ടതാണിത്.

എന്താണ് ദൃഷ്ടി എന്നു മനസ്സിലാവുന്നതിനു മുന്നേ കേട്ടതു കൊണ്ടാവാം ഞാൻ കാണുന്ന ദൃശ്യമാണ് ദൃഷ്ടിയെന്നും അതിനെ അങ്ങുറപ്പിക്കാനും ഞാൻ തീരുമാനിച്ചു.

ഒറ്റയ്ക്കു തൊട്ടിലിൽ കിടന്നപ്പോഴും മുട്ടിലിഴഞ്ഞപ്പോഴും എൻ്റെ ദൃഷ്ടി യെ ഞാനിഷ്ടപ്പെടുകയായിരുന്നു. ആരും അടുത്തില്ലാതിരുന്നപ്പോൾ എനിക്ക് കൂട്ടായിരുന്നത് അവളാണല്ലോ -

കൈവിരൽ നുണയാനും , കാൽ വിരലൂന്നി തൊട്ടിലിൽ നിന്നിറങ്ങാനും അമ്മ വരുവോളം വാതിൽക്കലേക്കു നോക്കി വാവിട്ടുകരയാനും പിച്ചവെക്കാനും എല്ലാം എന്നെകണ്ടാണവൾ പഠിച്ചത്.

കൂടുതൽ വ്യക്തമായി പഠിപ്പിക്കാനായി ഞാൻ ചുമരി ൽ എപ്പോഴും ചേർന്നു നിന്നു. അവൾക്ക് ഞാൻ പകർന്നത് വാക്കുകളും കാഴ്ചകളും എൻ്റെ സന്തോഷവും സങ്കടവുംആധിയും വ്യാധിയും എല്ലാമായിരുന്നു - മ്മംം എന്നു പറഞ്ഞ് ഭക്ഷണം കഴിക്കാനും ശേ ന്നു വെള്ളമൊഴിച്ച് കുളിക്കാനും മ്യാവൂന്നു ശബ്ദമുണ്ടാക്കി ഒളിച്ചുകളിക്കാനും ർർർർ......ർർർർ.. എന്നു കളിവണ്ടിയോടിക്കാനും എല്ലാം ഞാൻ പഠിപ്പിച്ചു കഴിഞ്ഞു.

എൻ്റെ പോയ കാലത്തിലെ എല്ലാ കാര്യങ്ങളും അവൾക്കറിയാം, എന്നോടല്ലാതെ മറ്റാരോടും ഒന്നും അവൾ പറയുകയുമില്ല - രാത്രികാലങ്ങളിൽ ഞങ്ങൾ വാ തോരാതെ സംസാരിച്ചു.

സ്കൂളിൽ പോകും നേരം അവൾ എന്നെക്കാൾ ചെറുതായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാൻ വിളിച്ചതാണ്. തോളിൽ ചേർന്ന് ഇരുന്നതല്ലാതെ ഉച്ചക്കഞ്ഞി വിളമ്പിയപ്പോൾ അരികിലിരുന്നില്ല. ഇറ്റു പിണക്കം തോന്നിയെങ്കിലും സ്കൂളിലായതുകൊണ്ട് ഞാൻ ക്ഷമിച്ചു. വൈകിട്ട് എന്നേക്കാൾ വേഗത്തിലാണ് വീട്ടിലേക്കവൾ കുതിച്ചത്. പാടവരമ്പിൽ നീണ്ടു നീണ്ട്.... എന്നേക്കാൾ മുൻപേ നടന്നു. വയൽ പൂക്കളും മഴത്തുമ്പികളും അവളുടെ നടത്തം കണ്ടു ചിരിച്ചു.

വീട്ടിലെത്തി ഉടുപ്പു മാറുമ്പോൾ അവളെ കാണാനില്ല..! 'മുൻപേ ഓടി വന്നിട്ട് നീയെവിടെപ്പോയി ....? " ജാലകപ്പാതി തുറന്നപ്പോൾ .... പിന്നിലൊളിച്ചു നിൽക്കുകയാണ്..! 'കുറച്ചിടെയായി കുസൃതി നന്നായി കൂടുന്നുണ്ട്. കളിക്കാൻ വരുന്നുണ്ടെങ്കി വാ...' ഞാൻ അടുത്ത വീട്ടിലെ കളിമുറ്റത്തേക്കോടി. എന്നോടൊപ്പം വരാതെ എവിടെ പോകാൻ. അവൾക്ക് ഞാനല്ലാതെ മാറ്റാരാണുള്ളത്.

സന്ധ്യമയങ്ങും വരെ ഇനി കുടുംബപശ്ചാത്തലമുള്ള കളികളാണ്. അന്തി ചുവക്കുമ്പോൾ സന്ധ്യാപ്രാർത്ഥനക്കായി എല്ലാവരും പിരിയും. അപ്പോൾ മാത്രം നിഴലിനെ എല്ലാവരും ഭയപ്പെടുന്നതെന്തുകൊണ്ടാണ്.? അതുവരെയും കാൽ കൊലുസുകളുടെ ശബ്ദം ആനന്ദമെങ്കിൽ ഇരുൾ വീഴുമ്പോൾ എല്ലാർക്കും ആ ശബ്ദം അരോചകമാണ്. നന്നേ കറുത്ത സ്വന്തം പ്രതിച്ഛായയെ അപ്പോൾ മാത്രം പേടിക്കുന്നതെന്തിന്?

കൂട്ടാണല്ലോ - എനിക്കവൾ, എന്നോടൊപ്പം എപ്പോഴും ഉള്ളവൾ. എല്ലാവരും നിശ്ശബ്ദരായപ്പോഴും ഞാൻ അവളോട് സംസാരിച്ചു. ഇണങ്ങി; പിണങ്ങി. വലിച്ചു നീട്ടിയും ചുരുക്കി ചെറുതാക്കിയും വിരലുകൾ ചേർത്ത് കൊമ്പുണ്ടാക്കിയും സുരസയെ പ്പോലെ വായ് തുറന്നും വ്യാളിയായി നാക്കുനീട്ടി പേടിപ്പിച്ചും ഞങ്ങൾ ഉന്മാദ പൂർവ്വം കളിച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ ബന്ധം പക്ഷേ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. സ്വഭാവ വൈകല്യമെന്നും ഭ്രാന്തെന്നും ആളുകൾ അതിനെ വിളിച്ചു. എന്നെ വിട്ടു പോകാൻ തയ്യാറല്ലാത്ത എൻ്റെ നിഴൽ ചിത്രങ്ങളെ അവർ ബാധയെന്നും വിളിച്ചു. എൻ്റെ ദൃഷ്ടിയുറപ്പിക്കാൻ ശ്രമിച്ചവർ തന്നെ എൻ്റെ കണ്ണുകളെ കെട്ടിവച്ചു. കൈയിലും കഴുത്തിലും അരയിലുമായി ഏലസ്സുകൾ കൂടി കൂടി വന്നു. ഞങ്ങളുടെ അഗാധമായ ബന്ധം മാത്രം മാറ്റമില്ലാതെ തുടർന്നു. അടച്ചിട്ട മുറിക്കുള്ളിൽ എന്നോടൊപ്പം നിഴലും അട്ടഹസിച്ചു. ഭ്രാന്തമായിത്തന്നെ കലഹിച്ചു. ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത 'ബാധ' യെ അടിച്ചും പൊള്ളിച്ചും മുഖത്ത് ഭസ്മം വാരിയെറിഞ്ഞും പീഡിപ്പിച്ചു.

വേദന ...ദേഹമാസകലം വേദന. പക്ഷേ, ആർക്കും ഇറക്കിവിടാനാവാത്ത ഒരു അഭേദ്യ ബന്ധത്തിന്റെ ഉന്മാദാവസ്ഥ ആസ്വദിച്ച ഞാൻ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മൂഢവിശ്വാസത്തെ അന്ധവിശ്വാസമെന്നു വിളിച്ച് ഉറക്കെ ചിരിച്ചു. രണ്ടു പേരും ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു.... ഓർത്തോർത്തു ചിരിച്ചു... ഭ്രാന്താണത്രെ - എങ്കിൽ ആർക്കാണ്, എന്തിനാണ് ഭ്രാന്തില്ലാത്തത്.....?

അടഞ്ഞു പോയ മുറിക്കുള്ളിൽ ഇരുളിൽ കറുത്തിരുണ്ട എൻ്റെ നിഴലും ഞാനും അപ്പോഴും - ചിരിക്കുകയായിരുന്നു... വട്ടത്തിൽ ചുറ്റി ചുറ്റി ....... ആർത്തുചിരിക്കുകയായിരുന്നു.!

ഷെമീറ റാഫി