വേരുകൾ

മണ്ണിൽ ആരും കാണാതെ വേരുകൾ പറഞ്ഞത് മണ്ണിനു മുകളിലുള്ള കാര്യങ്ങളായിരുന്നു. ഋതു ഭേദങ്ങൾ മാറി വരുന്നതും അതിലെ ആവേശവും ആശങ്കയും പങ്കുവച്ചതും ഒരു തളിർ വന്നാൽ പോലും അക്കാര്യം പരസ്പരം പറഞ്ഞതും വേരുകളായിരുന്നു

ഷെമീറ റാഫി

5/7/20251 min read

വേരുകൾ

മണ്ണിൽ ആരും കാണാതെ വേരുകൾ പറഞ്ഞത് മണ്ണിനു മുകളിലുള്ള കാര്യങ്ങളായിരുന്നു.

ഋതു ഭേദങ്ങൾ മാറി വരുന്നതും അതിലെ ആവേശവും ആശങ്കയും പങ്കുവച്ചതും ഒരു തളിർ വന്നാൽ പോലും അക്കാര്യം പരസ്പരം പറഞ്ഞതും വേരുകളായിരുന്നു. ഒരു വേര് - അതിൽ നിന്നു വീണ്ടും ഇഴകളായി ഇണകളായി വേരുകൾ' . അതെല്ലാം യാത്രയിലായത്. നിറഞ്ഞ ഉത്തരവാദിത്തത്തിൻ്റെ കയങ്ങളിലേക്കായിരുന്നു.

അല്ലെങ്കിൽ എന്നേ തീർന്നു പോയേക്കാവുന്ന ബന്ധമായിരുന്നു, അവർക്ക് തൈകളോടുണ്ടായിരുന്നത്. കാതങ്ങൾ താണ്ടി , ഒരിറ്റു ജലമന്വേഷിച്ച്, വഴികളിലെ തടസ്സങ്ങളെ അതിജീവിക്കാനായി അവർ കൈകോർത്തു പിടിച്ചു. ഇടിമുഴക്കം പോലെ ആഞ്ഞു പതിക്കുന്ന മൺവെട്ടിയുടെ ശബ്ദം കേട്ട് മരണഭയത്തോടെ അവർ പരസ്പരം കെട്ടിപിടിച്ചു. കല്ലുകളുറഞ്ഞ മണ്ണിലൂടെ പാറക്കെട്ടുകളിലുടെ മണ്ണിൻ്റെ നിമ്നോന്നതങ്ങളറിയാതെ ഒരു വലിയ യാത്ര.

വിത്തിൽ നിന്നും ഇറങ്ങി ആദ്യത്തെ കാൽ വെപ്പ് - മുളച്ചൊന്നു നേരെ നിൽക്കാൻ മണ്ണിൽ ആഴ്ന്നിറങ്ങിയതാണ്. അന്നു മുതലുള്ള യാത്രകൾ, - ആ യാത്ര യിൽ അനുഭവിച്ച വേദനകൾ ആരും കണ്ടില്ല. വേരിനറിയാമായിരുന്നു താനില്ലെങ്കിൽ മണ്ണിനുമുകളിൽ ആ സൗന്ദര്യം ഉണ്ടാവില്ലെന്ന്.

ഓരോ ദിവസവും സൂര്യനുണർന്നതും ചന്ദ്രനുദിച്ചതും ഒന്നും കാണാനായില്ല - കാറ്റു കണ്ടില്ല - മഴയും വെയിലും ഒന്നും കണ്ടില്ല - ശരത്കാലവും, ശൈത്യവും വർഷവുമെല്ലാം - മണ്ണിനെ തൊട്ടാണറിഞ്ഞത്. മണ്ണിനെ തൊട്ടുമാത്രം.

തിരിച്ചൊരു നടത്തം എത്ര ആഗ്രഹിച്ചാലും കഴിയില്ല. അല്ലെങ്കിൽ തന്നെ എവിടേക്ക്? ......... എന്നിട്ട്?

എല്ലാ കണ്ണുകളും നോക്കിയത് തളിരിലേക്ക് - പിന്നെ പൂക്കളിലേക്ക് - കായ്കളിലേക്ക് - പിന്നെ പിന്നെ വിപണിയിലേക്ക് ! ഇറങ്ങിപ്പോന്ന ചുറ്റുപാടിൽ നിന്നു ഒത്തിരി ദൂരം സഞ്ചരിച്ചതറിയാതെ ചെടിക്കു ചുറ്റും കുഞ്ഞു കുഴിയെടുത്ത് വെള്ളവും വളവും ഭിക്ഷ നൽകിയവർക്കറിയില്ലല്ലോ - അതു പ്രതീക്ഷിച്ച് അവിടെത്തന്നെ ചുറ്റിക്കറങ്ങി നിൽക്കാൻ വേരിനു കഴിയില്ലെന്ന് .!

ഓരോ പൂക്കളും കായ്കളും ജനിക്കുമ്പോൾ സ്വന്തം പങ്കിനെക്കുറിച്ച് വേരുകൾക്ക് നന്നായറിയുന്നതുകൊണ്ടാവാം... മണ്ണിനടിയിലെ കാണാ കാഴ്ചകൾ തേടി അവ സഞ്ചരിച്ചത്.

ഇലകൾ തളിർക്കട്ടെ . നിറയെ പൂക്കളും കായ്കളും കൊണ്ട്പ്ര കൃതി സുഗന്ധവും സമൃദ്ധവുമാകട്ടെ.

അല്ലെങ്കിൽ തന്നെ വേരുകൾ മാത്രമോ - മറ്റൊരു തരത്തിൽ എല്ലാ ജീവജാലങ്ങളും ഇങ്ങനെയാണല്ലോ...!

(പ്രവാസിയോട് കടപ്പാട് )

ഷെമീറ റാഫി