സൂഫി മലയിലെ മേഘങ്ങൾ
വെളുത്ത മേഘമങ്ങൾ മാത്രമല്ല സൂഫിമലയിൽ ഉണ്ടായിരുന്നത്. നിറം മങ്ങിയതും വേർപെട്ടതും വിളറി മഞ്ഞയായി പോയതുമായ പലതരം മേഘങ്ങൾ.... സൂഫിയുടെ ജീവിതം പോലെ പിന്നീടവ പഞ്ഞിക്കെട്ടുകൾ പോലെയായതാണ്. ഭാരമില്ലാത്ത പഞ്ഞി മേഘങ്ങൾ.
ഷെമീറ റാഫി
2/14/20251 min read


സൂഫി മലയിലെ മേഘങ്ങൾ
വെളുത്ത മേഘമങ്ങൾ മാത്രമല്ല സൂഫിമലയിൽ ഉണ്ടായിരുന്നത്. നിറം മങ്ങിയതും വേർപെട്ടതും വിളറി മഞ്ഞയായി പോയതുമായ പലതരം മേഘങ്ങൾ....!
സൂഫിയുടെ ജീവിതം പോലെ പിന്നീടവ പഞ്ഞിക്കെട്ടുകൾ പോലെയായതാണ്.
ഭാരമില്ലാത്ത പഞ്ഞി മേഘങ്ങൾ.
കറുകയും കണ്ണാന്തളി പൂക്കളും ചേലൊരുക്കിയ കുന്നിൽ മുകളിൽ നിലംതൊട്ട ഒരു മേഘത്തുണ്ടു പോലെയുള്ള പഴയ പള്ളിയിലാണ്
സൂഫിയുടെ താമസം.
പുലർക്കാലത്തെ കാറ്റിൽ ഭംഗിയോടെ പ്രതിദ്ധ്വനിക്കുന്ന പക്ഷികളുടെ ചിലമ്പലുകൾ ......
അവിടേക്കു നടക്കുമ്പോൾ പുൽനാമ്പുകൾക്ക് രാത്രി പെയ്ത മഴയുടെ തണുപ്പായിരുന്നു. ദ്രവിച്ചു തീരാറായ പള്ളിയും ചോർന്നൊലിക്കുന്നുണ്ട്. ഉസ്താദ് ഇന്നലെ മഴനഞ്ഞിട്ടുണ്ടാവുമോ...
പ്രാർത്ഥനകളിൽ മുഴുകുമ്പോൾ അദ്ദേഹം പക്ഷേ ഒന്നുമറിയാറില്ലല്ലോ!
നേർത്ത മഞ്ഞു പുതച്ച പള്ളിയിൽ അദ്ദേഹം ഇപ്പോഴും പ്രാർത്ഥനയിലായിരിക്കും,
ചിലപ്പോൾ വിറയാർന്ന കൈകളാൽ മേൽമുണ്ടു ചുറ്റി പ്പുതച്ച് ഇരട്ട പാറയ്ക്കരികിലെ വലിയ ഇലകളുള്ള അത്തിമരത്തിൽ ചാരി ദൂരേക്കു നോക്കിയിരിക്കുന്നുണ്ടാവും.
അത്തിക്കായ്കൾക്ക് പറയത്തക്ക മധുരം ഒന്നും ഇല്ലെങ്കിലും സൂഫിയുടെ സാമീപ്യത്തിന് മധുരം ഏറെയാണ്. കണ്ണീരിൻ്റെ ഉപ്പിനെ മായ്ക്കുന്ന മധുരം !
കുന്നിൻ മുകളിലെ പഴയ പള്ളിയിലേക്ക് 'അദ്ദേഹം വന്നതെന്നാണെന്നോ എവിടെ നിന്നാണെന്നോ ആർക്കും അറിയില്ല - സൂഫിമലയിലെ മേഘങ്ങളെ പോലെ.
അവിടം എപ്പോഴും ശാന്തമാണ് ലൗകീക ജീവിതത്തിൻ്റെ തിരക്കുകൾ ഒന്നുമില്ലാത്ത, എല്ലാ ഇരുട്ടിനേയും ഭേദിക്കുന്ന ആത്മീയതയുടെ വെളിച്ചത്തിൽ ഉസ്താദ് അനുഭവിക്കുന്ന ആ അതുല്യമായ അനുഭൂതിയുടെ ലോകത്തേക്ക് കടന്നു ചെല്ലണമെങ്കിൽ സൂഫിയെ പ്പോലെ ഹൃദയം ഒരു പഞ്ഞിമേഘത്തുണ്ടു പോൽ പരിശുദ്ധമാക്കണം.
സ്നേഹത്തോടെ അരികിലിരുന്ന് ഉസ്താദേ എന്ന് ഉള്ളം തുറന്നു വിളിക്കണം.
പറയുന്നതെല്ലാം കണ്ണെടുക്കാതെ കേൾക്കണം.
വാതിൽ തുറന്നിട്ടിരിക്കയാണ്.
അങ്ങകലെ മഞ്ഞു പെയ്യുന്ന മലയോരത്ത് സൂര്യകിരണങ്ങൾക്ക് പൊന്നുരുകിയൊലിക്കുന്ന ഭംഗി.
ഇത്തിരിച്ചൂടുതേടി അവിടേക്ക് പറക്കുന്ന കിളികളെയും നോക്കി നിൽക്കുകയായിരുന്നു സൂഫി .
"അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ് "
അഭിവാദനത്തിന് പ്രത്യുത്തരം നൽകിക്കൊണ്ട് ഉസ്താദ് തിരിഞ്ഞു നോക്കി -
"വ അലൈക്കുമുസ്സലാം അബൂ "
സ്നേഹം നിറച്ചു വച്ച ആ വിളിയിൽ അബു ഒരു പൂച്ചക്കുഞ്ഞിനെ പോലെ അദ്ദേഹത്തിനരികിലേക്ക് പോയി. നല്ല തണുപ്പുള്ള ദിവസങ്ങളിൽ ചൂടുള്ളചാമക്കഞ്ഞിയും ഉപ്പിലിട്ടതും
ഏറെ ഇഷ്ടമാണ് ഉസ്താദിന്. അതു ചൂടോടെ തന്നെ കുടിക്കാൻ നിർബന്ധിച്ചു കൊണ്ട് പള്ളിയുടെ കൽപടവിൽ അവരിരുന്നു.
നിമിഷങ്ങൾ നീണ്ട മൗനം ഭേദിച്ചു കൊണ്ട് അബു ചോദിച്ചു.
"സൂഫികൾക്ക് മായക്കാഴ്ചകൾ കാണാൻ കഴിയുമെന്ന് പറയുന്നത് ശരിയാണോ ഉസ്താദേ ...."
''.... ഈ ദുനിയാവിൽ മായക്കാഴ്ചകൾ എന്നൊന്നില്ല അബൂ ... കാഴ്ചകളേ ഉള്ളൂ"
"എന്നിട്ട് എല്ലാരും കാണുന്നതേ എനിക്കും കാണാൻ കഴിയുന്നുള്ളു...... "
"ഞങ്ങൾക്കാർക്കും കാണാൻ കഴിയാത്ത കാഴ്ചകൾ കാണാൻ വേണ്ടിയാണ് ഈ കുന്നിൽ മുകളിൽ ഉസ്താദ് ഒറ്റയ്ക്കു താമസിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.."
വീണ്ടും അവിടം നിശ്ശബ്ദമായി.
അവൻ ക്ഷമയോടെ കാത്തിരുന്നു.
|അബൂ ..... "
.........
"അബൂന് ദുനിയാവിനോട് മുഹബ്ബത്താണോ....."
ആ മുഖത്തു നോക്കി അല്ലെന്നു പറയാൻ കഴിയില്ല.
വയസ്സ് ഇരുപത്തി നാലായി. ചോർന്നൊലിക്കാത്ത ഒരു വീടു വേണം. ഉപ്പക്കും ഉമ്മാക്കും നല്ല ഭക്ഷണം കൊടുക്കണം .ഒരു നിക്കാഹ് കഴിച്ച് നല്ലൊരു കുടുംബ ജീവിതം കൂടിയുണ്ട് നെഞ്ചിൽ കൂടുകെട്ടിയ സ്വപ്നത്തില് .
"ഉം..... കുറച്ചൊക്കെ...."
" ആ പറക്കുന്ന കിളിയെ അതിൻ്റെ സമ്മതത്തോടെ പിടിക്കാൻ എളുപ്പമാണോ അബൂ....?"
"അല്ല "
"ദുനിയാവിലെ അബു പറഞ്ഞ 'മായക്കാഴ്ച' യും അതുപോലെയാണ് അബൂ .
ദുനിയാവിനോട് മുഹബ്ബത്ത് വെച്ചവർ അതിവേഗം അതിനെ സ്വന്തമാക്കി ഭരിക്കാനാണ് ആഗഹിക്കുന്നത്. ഒരു പുൽക്കൊടി മുളയയ്ക്കണമെങ്കിൽ പോലും അവർ അനുവദിക്കണം. ഏതു ഫലം വേണമെന്ന് - എത്ര ജലം വേണമെന്ന് - എല്ലാം അവർ നിശ്ചയിക്കും. അപ്പോൾ അതു മാത്രമല്ലേ അവർക്കു കാണാൻ കഴിയൂ....... "
"അതും മുഹബ്ബത്ത് കൊണ്ടല്ലേ ഉസ്താദേ ....?
ഒരു വെളുത്ത മേഘത്തുണ്ടു പോൽ ഉസ്താദ് പുഞ്ചിരിച്ചു.
"ഞാൻ മനസ്സിലാക്കിയിടത്തോളം സ്വാതന്ത്ര്യമാണ് അബൂ സൂഫിസത്തിൻ്റെ കാതൽ.
എല്ലാ മോഹങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മനസ്സിനേയും ശരീരത്തെയും വേർപെടുത്തിയാലേ ആത്മാവിന് ഇഷ്ടം പോലെ സഞ്ചരിക്കാനാവൂ..
നാളെയെക്കുറിച്ചുള്ള വിചാരം പോലും ഭാരമാണ് അബൂ .....
സൂഫികൾക്ക് നാളെകളില്ല.
ഇന്നു പോലും ഇല്ല.
ഈ നിമിഷം തന്നനുഗ്രഹിച്ച സൃഷ്ടാവിനോടുള്ള നന്ദിയിൽ ആനന്ദമയമാണ് അവരുടെ ഹൃദയം'
അതിലൂടെ അവർ സൃഷ്ടാവിൻ്റെ ഉൽകൃഷ്ട സൃഷ്ടികളെ കണ്ടാനന്ദിക്കുന്നു. ബന്ധനസ്ഥമാക്കില്ലെന്നുറപ്പുള്ളതെ ല്ലാം തുറന്നു കിട്ടുന്നു...
അപ്പോൾ ദുനിയാവ് ലഹരിയാണ്.
ആ ലഹരിയിൽ മതിമറന്ന് സഞ്ചരിച്ച് സ്തുതിഗീതങ്ങൾ പാടാനും നൃത്തം ചെയ്യാനും അവർക്ക് കഴിയുന്നു ...... "
" .................."
'അപ്പോൾ എൻ്റെ ബന്ധനങ്ങളാണ് എൻ്റെ മോഹങ്ങളാണ് എൻ്റെ കാഴ്ചകളെ മറയ്ക്കുന്നത്.
ഒരു ദിവസം എനിക്കും സൂഫിയെപ്പോലെ ദുനിയാവ് കാണണം. '
ഉസ്താദിൻ്റെ തസ്ബീഹ് മാലയിലെ തേഞ്ഞു തുടങ്ങിയ മണികൾ പോലെ സൂഫിമലയിൽ മഞ്ഞും മഴയും വെയിലുമെല്ലാം മാറി മാറി വന്നു. ഇലാഹീ ചിന്തയിൽ ദിഖ്റുകളും പ്രാർത്ഥനകളുമെല്ലാം അവയോടൊപ്പം ആകാശങ്ങൾ ഭേദിച്ച് കടന്നു പോയി.
സമയം കിട്ടുമ്പോഴെല്ലാം ഉസ്താദിൻ്റെ അടുത്ത് പോവുകയും
സ്നേഹവും ഉപദേശങ്ങളും കേൾക്കുകയും ചെയ്യുന്നത് അബുവിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായിരുന്നു.
എല്ലാമോഹങ്ങളും ബന്ധനങ്ങളും മാറ്റി വെയ്ക്കാവുന്ന ഒരു പരിതസ്ഥിതിയിലല്ല താനെന്ന ബോധ്യമുണ്ടായിട്ടും അബു സൂഫിയോട് വളരെ വളരെ അടുത്തിരുന്നു.
അബുവിന് ദുനിയാവിൽ അവശ്യം വേണ്ടതെല്ലാം അവൻ്റെ സൃഷ്ടികർത്താവ് നൽകുമെന്ന
സൂഫിയുടെ ആശ്വാസവാക്കുകളിൽ അവൻ്റെ സ്വപ്നങ്ങൾ തളിർത്തു.
ഇന്നലെ വിശപ്പു മാറ്റിയ തമ്പുരാനോട് അകമഴിഞ്ഞ നന്ദിയും
ഒപ്പം അവൻ്റെ കുടുംബത്തിന് ഇന്നേയ്ക്കു വേണ്ടതു നൽകുന്നതിലുള്ള സ്വന്തം ഉത്തരവാദിത്വവും അവൻ മറന്നില്ല.
ഒരു വലിയ മഴ പെയ്തു തോർന്ന ദിവസം അബു സൂഫിയെ കാണാൻ കുന്നിൻ മുകളിലെത്തി.
ദൂരെ കാർമേഘം മറയിട്ട മലനിരകൾ നോക്കി അവർ സംസാരിച്ചിരുന്നു.
"............. "
" ........... "
"അബൂ ......... "
പുര മേഞ്ഞോ?''
"ഉം.... മേഞ്ഞു ഉസ്താദേ .."
"ഉമ്മാ യ്ക്കും ബാപ്പക്കും സന്തോഷമായോ അബൂ......? "
"മഴനനയാത്ത പുരയിൽ വിശപ്പു തീർന്നു ഭക്ഷണം കഴിച്ച് അവർ സന്തോഷമായിരിക്കുകയാണ് ഉസ്താദേ ..."
"നിൻ്റെ ഭാര്യയോ...?"
"അൽഹംദലില്ലാഹ്..... അവളും സന്തോഷവതിയാണ് . ഞാനിങ്ങോട്ടു വരും നേരം കുഞ്ഞിനെ ഒക്കത്തെടുത്ത് അവൾ പടിപ്പുരയോളം വന്നിരുന്നു.."
"അപ്പോൾ .......
അബൂ - നിനക്ക് ഇപ്പോഴുള്ളതിൽ നീ തൃപ്തനാണോ......?
ഇനിയെന്താണ് നിനക്കു വേണ്ടത് ''
............................?
അബു മുഖമുയർത്തി...
കണ്ണുകൾ അടച്ചു ......
ഇനിയെന്താണ് എനിക്കു വേണ്ടത്?
ആരോഗ്യം -പാർപ്പിടം - കുടുംബം - എല്ലാത്തിലും ഞാൻ തൃപ്തനാണല്ലോ.
ഇനി....
ഇനി ....
നാളെയുണ്ടെങ്കിൽ......
ഉണ്ടെങ്കിൽ....
ഇന്നലെയും ഇന്നും തന്ന തമ്പുരാൻ നാളെ തരും.
അതെ... ആ സത്യമാണ് എൻ്റെ ഈ നിമിഷത്തിലെ ആനന്ദം.....!
ആ വിശ്വാസമാണെൻ്റെ പരമാനന്ദം....!
അവർ ദൈവത്തെ സ്തുതിച്ചു.
ആ അദൃശ്യകരങ്ങൾ തൻ്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെയോർത്ത് അബുവിന് സന്തോഷം കൊണ്ട് നൃത്തം ചെയ്യണമെന്ന് തോന്നി.
അബുവിൻ്റെ ഹൃദയത്തിൽ ഒരായിരം മഴവില്ലു വിരിഞ്ഞു .
സൃഷ്ടാവിനോടുള്ള നന്ദിയാൽ അവനിൽ ആഹ്ലാദമഴ പെയ്തു.
മഴ ...... തോരാ മഴ....... അബു നനഞ്ഞുകുളിച്ചു.
ആ മഴ നീണ്ടു പരന്ന ദുനിയാവു നനച്ചു.....!
പലവിത്തുകൾ മുളച്ചു -
ചെടികൾ വള്ളിപ്പടർപ്പുകളായി - ആകാശത്തിലേക്ക് പടർന്നു കയറി മേഘങ്ങളിൽ കെട്ടു പിണഞ്ഞു.
കുറെ ചെടികൾ വളർന്നു വളർന്ന് വന്മരങ്ങളായി - കായ്കനികളാൽ നിറഞ്ഞു . അവഭക്ഷിക്കാൻ വന്ന വിവിധ പക്ഷികളെയും മൃഗങ്ങളെയും കണ്ട് അബു വിസ്മയഭരിതനായി.
ചില വിത്തുകൾ മുളച്ചതിൽ പല നിറത്തിലുള്ള പൂക്കൾ വിടർന്നു പൂത്തുലഞ്ഞു. ആ മനോഹാരിതയിൽ അബു
മതിമറന്നു പാടി.....
അവൻ്റെ ദുനിയാവ് സുഗന്ധപൂരിതമായി.
പുഷ്പങ്ങളിൽ കുരുവികളും പൂമ്പാറ്റകളും വണ്ടുകളുമെല്ലാം തേൻ നുകർന്നുമയങ്ങി .
അബു കുറെക്കൂടി മുന്നോട്ട് നടന്നു.
കണ്ണിൽ നിറയെ ഹിക്മത്തിൻ്റെ കാഴ്ചകളാണ്. .....!
അങ്ങു ദൂരെ നിന്നും മഴ കൊണ്ടുവന്ന കാറ്റിനൊപ്പം മേഘശകലങ്ങൾ അവൻ്റെ അടുത്തേക്ക് വന്നു.
ഒരു മുസ്വല്ലയിലെന്ന പോലെ അബു അതിൽക്കയറി - മരതകം വിളഞ്ഞ കാടുകളും ഇന്ദ്ര നീല സമുദ്രവും പവിഴത്തോപ്പുകളുമെല്ലാം കണ്ട് അബു മേഘത്തോടൊപ്പം ഒഴുകി നീങ്ങി .വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിയപ്പോൾ ആകാശത്തിലെ ഓളപ്പരപ്പിൽ ചന്ദ്രക്കല കെട്ടഴിഞ്ഞ പൊൻതോണിയായി ... അലകളിൽ ഒളിഞ്ഞും തെളിഞ്ഞും അതങ്ങനെ നീങ്ങുകയാണ്. അബു ആ സ്വർണ്ണവെളിച്ചത്തിൽ നക്ഷത്രങ്ങളെ കണ്ടു.
അവൻ്റെ ബീവിയുടെ കസവുതട്ടത്തിലെ മുത്തുകൾ പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾ...... ആ നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരമ്പിളിക്കല പോലെ അവൻ്റെ കുഞ്ഞ് കൈനീട്ടി വിളിച്ചു.
അബു കാഴ്ചകൾ കാണുകയാണ്.
അവൻ്റെ ഹൃദയം ആനന്ദത്തിലാണ്.
സൃഷ്ടാവിനോടുള്ള പരകോടി സ്മരണകളിൽ സൂഫിമലയിലെ മറ്റൊരു തണുത്ത മഴക്കാലത്ത്
അബു സന്തോഷത്തിലാണ്....!
ഷെമീറ റാഫി