ശ്രീലകം

അത്രമേൽ സ്നേഹിച്ച ഒന്നിനെ എങ്ങനെ മുറിച്ചു മാറ്റും.! അതിന് ഓർമ്മകളിലേക്കു മാത്രമല്ല, തൻ്റെ ഹൃദയത്തിലേക്കും ബന്ധമുണ്ടല്ലോ

ഷെമീറ റാഫി

4/24/20251 min read

ശ്രീലകം

ആശുപത്രിയിൽ വേദനകൊണ്ട് പുളഞ്ഞതു കൊണ്ടാണ് - അന്നു പോയത്. മെനോപ്പോസിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും കൊണ്ട് - വല്ലാത്ത നിവൃത്തികേടിലായിരുന്ന അവളെ കണ്ട് .- അയാളും ആ ദിവസങ്ങളിൽ വലിയ വിഷമങ്ങൾ അനുഭവിച്ചു.

കട്ടൻ ചായയുമായി അവൾ ഉണരാൻ കാത്തുനിന്നു. ബാം ബോട്ടിലും വേദനാസംഹാരികളായ മരുന്നുകളുമായി തനിക്കരികിൽ - അസ്വസ്ഥനായിരിക്കുന്ന ഭർത്താവിനെ കണ്ട് അവൾ ഉള്ളിൽ പുഞ്ചിരിച്ചു. ഏതാനും മരുന്നുകളോടൊപ്പം പത്തുപതിനഞ്ചു ദിവസങ്ങൾക്കു ശേഷം ഒരു സ്കാനിങ്ങായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.

ദിവസങ്ങൾക്കിപ്പുറം ഭർത്താവിൻ്റെ നിർബന്ധങ്ങൾക്കു വഴങ്ങി ആശുപത്രിയിൽ സ്കാനിങ്ങ് റിസൾട്ടുമായി ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു:

'സീരിയസ്സായി ഒന്നും ഇല്ല. പക്ഷേ ഇങ്ങനെ ഓരോ മാസവും വേദനിക്കുന്നത് എന്തിനാണ്?

ഇനി പ്രതീക്ഷിക്കാത്ത സമയത്ത് എന്തെങ്കിലും പ്രോബ്ളം ആവുന്നതിനേക്കാളും അതങ്ങു റി മൂവ് ചെയ്യുന്നതാണ് നല്ലത് "-

ലേഖ ഡോക്ടറെ രൂക്ഷമായി നോക്കിപ്പോയി.

എത്ര ലാഘവത്തോടെയാണ് അവരതു പറഞ്ഞത് ......! വല്ലാത്ത വിഷമം തോന്നി.

അങ്ങനെയങ്ങു പറിച്ചു കളയാൻ മാത്രം അത്രയേറെ ആവശ്യമില്ലാത്ത തോ സ്ത്രീയ്ക്ക് ഗർഭപാത്രം !

ആദ്യമായി ഒരു പെണ്ണായതിൽ വിഷമിച്ചു പോയതും - ഒരു കുട്ടിയുടെ സർവ്വ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ടതും അവൾ ഓർത്തു.

ചിലതെല്ലാം അയിത്തമായി പോയത്..... പലപ്പോഴും നിസ്സഹായയായി പോയത്......

അച്ഛൻ്റെ ലാളനയിൽ നിന്നുമാണ് ആദ്യം അകറ്റപ്പെട്ടത്. അരികിൽ ചെന്നപ്പോളെല്ലാം ചേർത്തു പിടിച്ച കൈകൾ തനിക്കു മുൻപിൽ കെട്ടിയ ഒരു വേലി പോലെയാണ് പിന്നീട് തോന്നിയത്.

- അമ്മയുടെ മടിയിൽ നിന്ന് പടിയിറക്കപ്പെട്ടതും ആയിടക്കാണ്.

"വലിയ കുട്ടിയായി -താഴത്തിരിക്ക് " എന്നൊക്കെ അമ്മ പറയുമ്പോൾ ഒരു നിറപ്പാട് കൊണ്ടുമാത്രം താനൊരു വലിയ പെണ്ണായെന്ന് ഉൾക്കൊള്ളാനാവാതെ മിഴികൾ നിറഞ്ഞുനിന്ന ബാല്യം - ആ ദിവസങ്ങളിൽ അവൾ ഒറ്റപ്പെട്ടു.

കിടക്കാൻ മറ്റൊരു പായും തലയണയും പുതപ്പും നൽകി മുത്തശ്ശി അവളെ അനുഗ്രഹിച്ചു. - '"ഇനി തന്നെ കിടക്കാനും ഉറങ്ങാനും ഒക്കെ പഠിക്കണം. "

ഒരപരാധം ചെയ്തു ശിക്ഷ കിട്ടിയ പോലെ തന്നെ നോക്കി വായ് പൊത്തിപിടിച്ച ഒരു ചിരിയുമായി ചേട്ടനും ചേച്ചിയും ഓടി മറഞ്ഞപ്പോൾ ആ നാലു പാദങ്ങൾ അമർന്നിട്ടെന്ന പോലെ അടിവയറ്റിൽ വേദനയുമായി കണ്ണുനിറച്ചു അവൾ നിന്നു.

ആദ്യമായി വകമാറ്റിക്കിട്ടിയ പായയും തലയണയുമായി മറ്റൊരു മൂലയ്ക്ക് എഴുതിത്തന്ന കിടപ്പാടം ഒരു വലിയ ഇരുട്ടു മൂടി, ആരും കാണാതെ ഒളിച്ചിരിക്കാനുള്ള ഒരിടമായെങ്കിൽ എന്നത്യധികം - ആഗ്രഹിച്ചു. കൂട്ടുകാർക്കിടയിൽ പോലും - അവൻ ആണായതും 'ഞാൻ' പെണ്ണായതും - ആ നാളുകളിലാണ്.

എല്ലായിടത്തും വിലക്കുകൾ - ഒരു പൂപറിക്കാൻ, ഒരു വിത്തു തൊടാൻ - ഭക്ഷണമെടുത്തു കഴിക്കാൻ,പൂജാമുറിക്കു മുൻപിലൂടെ ഒന്നപ്പുറത്തേക്കു പോകാൻ - വേദപുസ്തകങ്ങൾ തൊടാൻ -അങ്ങനെയങ്ങനെ ... അരുത് അരുത് ----- തൊടരുത്.

അതൊന്നും പാഴ് വാക്കല്ല എല്ലാം പാലിക്കാനുള്ളതാണ്. കുറെയൊക്കെ പഠിച്ചു .ചില നിഷേധങ്ങളും എതിർപ്പുകളും കൂടെ പഠിച്ചു.

തൻ്റേതായിരുന്ന പലതും അന്യമായതിലെ എതിർപ്പ് - കാലം മാറിയെന്നൊക്കെ പറഞ്ഞു നോക്കിയിട്ടും പെണ്ണുണ്ടായ കാലം മുതൽ പെണ്ണുങ്ങൾക്ക് മാത്രമെഴുതിയ അലിഖിത നിയമങ്ങളോടുള്ള എതിർപ്പ്.

വേദനയോടു പൊരുതിത്തോൽക്കുന്ന ദിവസങ്ങളിൽ കയ്പേറിയ ഉലുവക്കഷായത്തിനും കൂടെയുള്ള ഉപദേശങ്ങളോടുമുള്ള എതിർപ്പ് - അതെല്ലാം സങ്കടവും ദേഷ്യവുമായപ്പോൾ അറിയാതെ വന്നു പോയ നിഷേധ ഭാവങ്ങളും വാക്കുകളും -

അങ്ങനെയങ്ങനെ വിവാഹിതയായ നാളുകളിലാണ് താനൊരു പവിത്രമായ പദവിയിലാണെന്നും ഇത്ര നാൾ വേദനിപ്പിച്ച ഒരവയവം തന്നിലൊരു പൂങ്കാവനമായി മാറുന്നതും ലേഖ അറിയുന്നത്. ആദ്യമായി ഗർഭപാത്രത്തെ അവൾ സ്നേഹിക്കുകയായിരുന്നു.

നാലാം മാസത്തിലൊരു ദിനം....... - ജീവൻ തൊട്ടുണർത്തിയ പോലെ ഒരു ചെറിയ അനക്കം..!

ആ അനുഭൂതിയുടെ സുഖമുള്ള ഞെട്ടലാണ് ഒരു പെണ്ണായതിൽ ആദ്യമായി അഭിമാനിച്ച നിമിഷം. !

അത്ര നാൾ വെറുത്തതെല്ലാം ഒരു വലിയ നന്മയ്ക്കായിരുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം. !

ഓർമ്മകളിൽ 'മ്മ' എന്നൊരു നനുത്ത ശബ്ദം കൂടി കേട്ട പോലെ.......ഇപ്പോഴും കാതുകൾ പറയാറുണ്ട്.

ഒരു ആണിന് ഒപ്പമെത്താനല്ല പെണ്ണെന്നും അവനു ചെയ്യാൻ കഴിയാത്ത പലതും ചെയ്യാൻ കഴിവുള്ളവളാണു പെണ്ണെന്നും തിരിച്ചറിയുകയായിരുന്നു ആ കാലം.

വീർത്തു വരുന്ന വയറിലേക്ക് നോക്കി ലേഖ അഭിമാനം കൊണ്ടു.

തന്നിൽ മുളപൊട്ടിയ വിത്തിൻ്റെ വേരുകൾ പോലെ വയറിൽ പാടുകൾ വന്നപ്പോൾ അത് കുഞ്ഞു വരയ്ക്കുന്ന ചിത്രങ്ങളാണെന്ന് എവിടേയോ വായിച്ചു അവളാ പാടുകളിൽ തലോടി ക്കൊണ്ടിരുന്നു.

ഒരു തലമുറയ്ക്കു ജന്മം നൽകുന്ന ഒരു വലിയ കാര്യമാണ് തന്നിലൂടെ നടക്കുന്നതെന്നതിൽ സന്തോഷം കൊണ്ടവൾക്ക് ഉറക്കം പോലും നഷപ്പെട്ടു.

ജീവൻ്റെ തുടിപ്പുകൾ കൂടുതൽ വ്യക്തമാകും തോറും

ഗർഭപാത്രം ഒരു ക്ഷേത്രമെന്നോ പൂജാമുറി യെന്നോ ഒക്കെയാണ് തോന്നിയത്. അത്ര മാത്രം പവിത്രമായൊരിടം . താനൊന്നും ചെയ്യാതെ തൻ്റെ കുഞ്ഞിനു വേണ്ടതെല്ലാം ഒരുക്കി പൂർണ്ണതയിലെത്തിക്കുന്ന പരിപാവനമായൊരിടത്തെയാണല്ലോ ഇത്ര നാൾ ഒട്ടും ഇഷ്ടമല്ലാതിരുന്നതെന്നോർത്ത് ലേഖക്കു കുറ്റബോധം തോന്നി.

എങ്കിലും ആ കാത്തിരിപ്പ് വളരെ നീണ്ടു പോകുന്ന പോലെ ...കലണ്ടറിൽ വട്ടം വരച്ചും കോറിയിട്ടും അവൾ ആഴ്ചകൾ എണ്ണിനീക്കി.

ശ്രദ്ധാപൂർവ്വം നടന്നും - ഇരുന്നും ധാരാളം വെള്ളം കുടിച്ചും നല്ല ഭക്ഷണം കഴിച്ചും രാപ്പകൽ പ്രാർത്ഥിച്ചും ഒരു പുതിയ ലോകത്തിൽ അവൾ ജന്മാന്തര പുണ്യത്തെ കാത്തു കാത്തിരുന്നു.

ഒടുവിലാ ദിവസം വന്നെത്തി.

വീർത്ത വയർ സങ്കോചിക്കുവാൻ ശ്രമിക്കുന്ന പോലെ -- ഇടുപ്പെല്ലുകൾ അകന്നു പോകുന്ന പോലെ .....

അത് വീണ്ടും വീണ്ടും അനുഭവപ്പെട്ടു തുടങ്ങി. അതിൻ്റെ തീവ്രത കൂടി ക്കൂടി വന്നു കൊണ്ടിരുന്നു.

കണ്ണിൽ ഇരുട്ടു കയറി - കാലുകൾ തളരുന്നു- വിയർത്തു പോയ ലേഖ ഒരു കസേരയിൽ ഇരുന്നു. -ദാഹം തോന്നി കുറെ വെള്ളം കുടിച്ചെങ്കിലും അതെല്ലാം ഒരു വലിയ ഓക്കാനത്തോടെ പുറത്തേക്ക് വന്നു. അപ്പോഴെല്ലാം ഈ വേദന കുഞ്ഞിനെ ഞെരുക്കിക്കളയുമോ എന്നായിരുന്നു ഭയം .

ഇടയ്ക്കു നടന്നും വേദന കൂടുമ്പോൾ കിടന്നുമെല്ലാം പുലരുവോളം സഹിച്ചു .

താഴ്‌വാരത്തു നിന്നു ഒരു വലിയ പാറമലയിലേക്ക് നട്ടുച്ചക്കു കയറുന്ന പോലെയും - അതിൽ നിന്നു കാൽ തളർന്നു താഴേക്ക് വീണ് പോകുന്ന പോലെയും എവിടെയൊക്കൊയൊ അർദ്ധബോധാവസ്ഥയിൽ അവൾ അള്ളിപ്പിടിച്ചു.

അസഹ്യമായ ആ വേദനയിലും തനിക്കു പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണാനുള്ള വെമ്പലായായിരുന്നു ഉള്ളു നിറയെ.

കുഞ്ഞിനു വേണ്ടിയും ഇനിയും കുഞ്ഞുങ്ങൾ ജന്മമെടുക്കാനുള്ള ആ പാവന ഗൃഹത്തിനു വേണ്ടിയും ലേഖ പ്രാർത്ഥിച്ചു.

എല്ലുകൾ നുറുങ്ങുന്ന വേദനയിൽ ശരീരം തളരുകയാണ്.. നഴ്സുമാരോടൊപ്പം ഡോക്ടറും ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

'ൻ്റെ കുട്ടിക്കൊന്നും പറ്റല്ലേ ഡോക്ടറേ ' എന്ന് മാത്രമാണ് കരഞ്ഞു കൊണ്ടവൾ പറഞ്ഞത്. ഡോക്ടർ ലേഖയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു.

കുഞ്ഞികാലുകളിൽ പിടിച്ച് മേലോട്ടുയർത്തിയ ഒരു പൊന്നും കുടത്തെ ആ സമയം അവൾ കണ്ടു.

സന്തോഷം കൊണ്ട് മതിമറന്നു പോയ ലേഖ നിറപുഞ്ചിരിയോടെ അറിയാതെ കൈകൾ നീട്ടി .

ഒരു വലിയ ധർമ്മയുദ്ധം കഴിഞ്ഞപോലെ അവളുടെ ശരീരം അടങ്ങി. എല്ലാ പരിഭ്രമങ്ങൾക്കും പരിസമാപ്തിയായി.

വീണ്ടും-വർഷങ്ങൾ കടന്നു പോകവേ ഇനിയൊരു മകനും മകളും അവളിൽ ജന്മം കൊണ്ടു. വളരെ സുരക്ഷിതമായി -

ഒരു പ്രതിഫലവും ചോദിക്കാതെ ഒട്ടും വേദനിപ്പിക്കാതെ കണ്ണും കരളും കൈകാലുകളുമെല്ലാം വളരുന്നത് വരെ അവരെയും ശ്രദ്ധയോടെ പരിപാലിച്ചു ,ലേഖയുടെ ഗർഭപാത്രം.

കുഞ്ഞുപാദങ്ങൾ ഭിത്തിയിൽ ചവിട്ടി മേലോട്ടു കുതിച്ചപ്പോഴും, കുഞ്ഞുവിരലുകൾ കോറിവരച്ചപ്പോഴും, ചിലപ്പോഴൊക്കെ വയറിൻ്റെ ഓരോ ഭാഗത്തും തലകൊണ്ടിടിച്ചപ്പോഴും, എല്ലാ കുസൃതിയും ഗർഭപാത്രം നിശ്ശബ്ദമായി ആസ്വദിച്ചു. ലേഖയോട് ഒരിക്കലും പിണങ്ങിയില്ല. പത്തുമാസത്തോളം ലേഖയുടെ പൈതങ്ങൾ സുരക്ഷിതമായി അവരുടെ വളർച്ചാ ഘട്ടം പൂർത്തിയാക്കി.

ഇങ്ങനെയെല്ലാം തൻ്റെ മൂന്ന് പൊന്നോമനകളെ സൃഷ്ടിച്ചു തന്ന ശരീരത്തിലെ ഏറ്റവും വിലപ്പെട്ടതായ - ശ്രീകോവിലാണ് പൊളിച്ചു കളയേണ്ടത്.

എങ്ങനെ വിഷമം തോന്നാതിരിക്കും.? എത്ര വേദനിച്ചാലും

അത്രമേൽ സ്നേഹിച്ച ഒന്നിനെ എങ്ങനെ മുറിച്ചു മാറ്റും.!

അതിന് ഓർമ്മകളിലേക്കു മാത്രമല്ല, തൻ്റെ ഹൃദയത്തിലേക്കും ബന്ധമുണ്ടല്ലോ - ആത്മാവലിഞ്ഞൊഴുകിയ രക്തം മക്കൾക്കുവേണ്ടിയായിരുന്നല്ലോ-

എൻ്റെ അഭിമാനവും , ജന്മസാഫല്യവും - എല്ലാമായ പകരം വയ്കാനില്ലാത്ത ആ കലാക്ഷേത്രമാണ് ഇപ്പോൾ തച്ചുടക്കാൻ പറയുന്നത്.

എങ്ങനെ കഴിയും.? ഗർഭധാരണം മാത്രമല്ല സ്ത്രീയുടെ അന്ത:സ്സത്തയാണ് - വ്യത്യസ്തതയാണ് - അസ്ഥിത്വമാണ് ഗർഭാശയം.

അതങ്ങനെ വെറുതെ കീറിക്കളായാൻ വയ്യ.-

അതവിടെ ഇരുന്നോട്ടെ.

അതു സ്ത്രീയുടെ മാത്രം ഭാഗ്യമാണ്.

അവിടെ തന്നെ ഇരുന്നോട്ടെ.

ഷെമീറ റാഫി