തെന്നലും മഞ്ഞുതുള്ളികളും
എന്നിലെ ഇഷ്ടം പോലെ, ഉള്ളിലെ കടലുമായി - ശാന്തമാം രാത്രിയിലും , കാത്തിരുന്നു പ്രിയതമനെ... പങ്കുവച്ചു ഞാനവളോടെൻ്റെ മാത്രം മോഹങ്ങളെ , പങ്കുവച്ചു അവളുമെന്നോടത്രയും സ്വപ്നങ്ങളും...!
ഷെമീറ റാഫി
5/1/20251 min read


വള്ളി മുല്ലക്കാടു പൂത്തു
ചന്ദ്രികേ നിൻ പ്രഭയിൽ -
നിലാവു പെയ്യും നിശീഥിനിയിൽ
നീ വരുമെന്നു ഞാനോർത്തു.
അല്ലിയാമ്പലിതളുകളിൽ
പരിഭവങ്ങൾ കോറിയിട്ടു ...
മെല്ലെ വന്ന കാറ്റിനൊപ്പം
പൊന്നിലഞ്ഞിയുലയുന്നേരം
തെന്നിവീണ മഞ്ഞുതുള്ളി നീയെന്നു ഞാൻ നിനച്ചു.
ഇന്നു കണ്ട സ്വപ്നങ്ങളിൽ നിൻ
മന്ദ സ്മിതം അലിഞ്ഞിരുന്നു.
എങ്കിലുമാ മന്ദഹാസം
മൺ ചെരാതായ് തെളിഞ്ഞു നിന്നു.
തെന്നലെൻ്റ മുടിയിഴകൾ മെല്ലെ കോതിയകന്നിടുമ്പോൾ...
ഭാവനേ നീയെൻ്റെ മിഴിയോരം ചേർന്നിടല്ലേ
കാണാൻ കൊതിച്ചവനെ കണ്ണുകളിൽ വരച്ചിടല്ലേ ..
വെണ്ണിലാവിൻ പാൽക്കടലിൽ
ചന്ദനം തൂവും പോലെ
താരകങ്ങൾ ഇടറി വീണ പൊൻതരികൾ
ചേർത്തു കൊണ്ടു ഞാനെഴുതാം
എൻ്റെ മാത്രം പ്രണയമേ....
നീ മാത്രമറിയുവാനായ്
ഉള്ളിലുള്ള കനലുകളെ
രത്നമായി കോർത്തു വെയ്ക്കാം.
താമരയിതളു തേടി ഞാനിങ്ങു വന്ന നേരം
പൊയ്കയിൽ കൂമ്പിനിന്നു മറ്റൊരു ചെന്താമര.
എന്നിലെ ഇഷ്ടം പോലെ
ഉള്ളിലെ കടലുമായി
ശാന്തമാം രാത്രിയിലും
കാത്തിരുന്നു പ്രിയതമനെ ....
പങ്കുവച്ചു ഞാനവളോടെൻ്റെ
മാത്രം മോഹങ്ങളെ ,
പങ്കുവച്ചു അവളുമെന്നോടത്രയും
സ്വപ്നങ്ങളും....!
ഷെമീറ റാഫി