പ്രതീക്ഷകൾ
ചിറകൊന്നു നീട്ടി പറക്കണമെങ്കിൽ ആകാശക്കീറ് ഇനിയും മെനഞ്ഞെടുക്കണം. പണ്ടു പണിതു വച്ച സൂചിയുണ്ട്. പക്ഷേ നൂലിനു നന്നേ നീളം കുറവ്...!
ഷെമീറ റാഫി
5/5/20251 min read


ആകാശത്തിൻ്റെ ഒരു കീറ് കിട്ടി -
ചിറകൊന്നു നീട്ടി പറക്കണമെങ്കിൽ ആകാശക്കീറ് ഇനിയും മെനഞ്ഞെടുക്കണം.
പണ്ടു പണിതു വച്ച സൂചിയുണ്ട്.
പക്ഷേ നൂലിനു നന്നേ നീളം കുറവ്...!
കിനാവു നെയ്തും തൂവലിൽ നിറം തുന്നിയും
എല്ലാം തീർന്നു പോയി.
പരുത്തിക്കാട്ടിൽ പരുത്തിയില്ലെന്ന് .....!
എങ്കിലെന്ത്?
മഴക്ക് നൂലുണ്ട് .
അപ്പൂപ്പൻ താടിക്കും നൂലുണ്ട് ..........
രാത്രിയിൽ നിലാവിനോട് ചോദിക്കാം '
'സ്വർണ്ണ നൂലിൽ നിന്ന് ഇത്തിരിയോളം കടം തരുവാൻ' -
മെനഞ്ഞു തീർന്ന ആകാശത്തിൽ പറന്നു ചെന്ന് നിലാവിൻ്റെ കടം വീട്ടാം...
ഷെമീറ റാഫി