മിഴികളിൽ തെളിയും നീല വാനം
ഓർമ്മകൾ ....... അതിൽ പറവകളാകവേ, ചിറകോടു ചേർന്ന ചെറു മേഘങ്ങൾ അലകളായ്.... നീങ്ങിയകലവെ
ഷെമീറ റാഫി
5/28/20251 min read


മിഴികളിൽ തെളിയും നീല വാനം
ഓർമ്മകൾ ....... അതിൽ പറവകളാകവേ,
ചിറകോടു ചേർന്ന ചെറു മേഘങ്ങൾ അലകളായ്.... നീങ്ങിയകലവെ
തെളിവാർന്നകന്ന കാറ്റിൽ കൊഴിഞ്ഞ നറുതൂവലായെൻ്റെ പരിദേവനങ്ങൾ
അഴകാർന്ന നയനങ്ങളിൽ പാർവ്വണേന്ദുവുണരുമ്പോൾ
പ്രതിബിംബമായെന്നിലാകാശ- ഗംഗകൾ ... അതിലൊഴുകിയണയുവാനിക്കരെ
പൂത്തുമ്പയിൽ തീർത്ത ചെറുവഞ്ചിയിൽ - കാത്തു നിൽക്കയാണു ഞാൻ,
മിഴിക്കോണിലെ കടവിൽ ഏകനായ്...
ഇനിയുമൊരു നീർത്തുള്ളിയും പൊഴിയാതെ -
അതിലെൻ്റെ തോണിയുലയാതെ നിന്നിൽ ചേർന്നിടാൻ -
ഇതു മതിയെൻ്റെ കിനാക്കളും പേറി മെല്ലെത്തുഴഞ്ഞിടാൻ .
നീ തന്ന ഓർമ്മയിൽ നിന്നു ഞാനടർത്തിയ ചില്ലയിൽ കടഞ്ഞ തുഴയും
മതിയേതു ബന്ധന ചുഴിയിലും - വീഴാതെയാ വാനിലണയുവാൻ .
ഷെമീറ റാഫി