പെണ്ണ്
പെയ്യുന്നില്ലയോ.....? ഒരു വലിയ നീർക്കുടമേന്തിയ മേഘത്തെപ്പോൽ ഒന്നാർത്തലച്ചു പെയ്യാത്തതെന്ത്? മേഘവാനമാണ് പെയ്യുന്നതെന്നു ലോകം ...!
ഷെമീറ റാഫി
5/7/20251 min read


പെണ്ണ്
പെയ്യുന്നില്ലയോ.....?
ഒരു വലിയ നീർക്കുടമേന്തിയ മേഘത്തെപ്പോൽ
ഒന്നാർത്തലച്ചു പെയ്യാത്തതെന്ത്?
മേഘവാനമാണ് പെയ്യുന്നതെന്നു ലോകം ...!
വാനമല്ല - മാനമുള്ള പെണ്ണാണ് പെയ്തു തീർക്കുന്നതെന്ന് ഞാനും.
നിലയ്ക്കാതെ പോവാൻ തിരമാലയല്ല, സ്വപ്നങ്ങളായിരുന്നല്ലോ.
നിറങ്ങൾ പെറുക്കി ചായം കൊടുത്തും നിലാവത്തിട്ടുണക്കിയും
അവൾ ഏറെനീളം നെയ്തു കൂട്ടിയ കിനാക്കൾ!
ഒരു താലിച്ചരടിന് വിലയ്ക്കുവാങ്ങിയവൻ
നെയ്തെടുത്തതിൽ പാതിയും അന്തിക്കൂട്ടിനു ചൂട്ടു കെട്ടി. -
പാതിയിൽ പതറാതിരുന്നിട്ടും ജീവിത യാത്രതൻ തമസ്സിൽ,
പിൻവിളിയോർത്തു നിന്ദ്യയായ് നിൽക്കാതെ , ഇടറും വഴികളിൽ
വെട്ടമായുരുകിയും - പിന്നെ പൈതങ്ങൾക്കന്നമായും ...
നെയ്തതിൽ ബാക്കിയും എരിച്ചു തീർത്തു.
ശ്വാസം നിലയ്ക്കും പുകയിൽ പിടഞ്ഞ അവളുടെ
ഗദ്ഗദങ്ങൾ ചേർന്നു ചേർന്ന് ഒരു വൻചുഴലിയായ് -
ശാന്തി കിട്ടാത്ത കിനാവിൻ്റെ ആത്മാവുമായി ലക്ഷ്യം തെറ്റി - ഉയർന്നുയർന്ന് .....അങ്ങുദൂരെ വാനിൽ അലിയാതെ
ആ കറുത്ത ചുഴലിക്കാറ്റ് - ചുഴറ്റിയെറിഞ്ഞ മോഹങ്ങളെല്ലാം കീറി പറിഞ്ഞ
കാർമേഘങ്ങളായി ...... ഇരുണ്ടു കൂടി.
കറുത്ത മേഘങ്ങൾ പെയ്തു തോരും..?
താഴെ നിറഞ്ഞ മിഴികൾ എന്നു തോരും?
ഒന്നാർത്തു പെയ്തിരുന്നെങ്കിൽ...
അതിലലിഞ്ഞ് അങ്ങ് ഇല്ലാണ്ടായെങ്കിൽ........
ഷെമീറ റാഫി