ഒസ്യത്ത്
എൻ്റെ യാത്ര തുടങ്ങുമ്പോൾ പുഞ്ചിരിയുടെ ഒരുപനിനീർപുഷ്പം എനിക്കു സമ്മാനിക്കുക.. എൻ്റെ ബുദ്ധിഭ്രമിക്കാതെ ശാന്തമായ് നീയെൻ്റെ മിഴികളിൽ നിറയുക.
ഷെമീറ റാഫി
4/12/20251 min read


ഒസ്യത്ത്
വിട പറയാൻ നേരം ഒച്ച വെച്ചേക്കരുത്.
എൻ്റെ യാത്ര തുടങ്ങുമ്പോൾ പുഞ്ചിരിയുടെ ഒരുപനിനീർപുഷ്പം എനിക്കു സമ്മാനിക്കുക.. എൻ്റെ ബുദ്ധിഭ്രമിക്കാതെ ശാന്തമായ് നീയെൻ്റെ മിഴികളിൽ നിറയുക.
എൻ്റെ ഞരമ്പുകളിൽ അവശേഷിക്കുന്ന രക്തത്തിൽ വിഷം കുത്തിവെക്കാൻ അവർ ഓടിവന്നേക്കാം. നമ്മൾ നേടിയ സ്വപ്നങ്ങൾക്ക് വേണ്ടി തിളച്ച ചോരയുടെ ബാക്കിയാണതെ ന്നോർക്കുക.
എൻ്റെ അവസാനശ്വാസവും നിൻ്റെ മാത്രം സാമീപ്യമുള്ള പ്രാണവായു കൊണ്ടാവണമെന്നു ഞാനാഗ്രഹിക്കുന്നു. അവർ നിറച്ചു വച്ച സിലിണ്ടറുകളിൽ അതു കാണുകയില്ലെന്നറിയാമല്ലോ..നമ്മുടെ മാലാഖ കുഞ്ഞുങ്ങൾ അരികിലുണ്ടാവാൻ നീ ശ്രദ്ധിക്കണം. അല്ലെങ്കിൽ വെള്ളയുടുപ്പിട്ടവരാണ് മാലാഖമാരെന്ന് ഞാൻ തെറ്റിദ്ധരിച്ചേക്കാം.
എൻ്റെ ഹൃദയം നിലയ്ക്കും മുൻപ് അവർ ഞെരിച്ചമർത്താതിരിക്കാൻ നീ ഒച്ചയുണ്ടാക്കാതെ അരികിലിരിക്കണം. കാരണം നമ്മൾ നട്ട പനിനീർ ചെടികൾ അവിടെ ഇപ്പോഴും ഇതൾ വിടർത്തുന്നുണ്ട്. അതിനെ കശക്കിക്കളയാതെ നോക്കണം. എനിക്ക് കൊണ്ടു പോകാനുള്ളതാണ്. എൻ്റെ ഖബറിലെ മണ്ണിൽ നിന്നും അത് വളർന്നു വന്ന് പൂവിടുമ്പോൾ വെള്ളിയാഴ്ചകളിൽ നീ വരും നേരം സമ്മാനിക്കാൻ ഒരു പുഷ്പമെങ്കിലും വിരിയിച്ച് ഞാൻ കാത്തിരിക്കും. എനിക്കരികിൽ ഒരു മൈലാഞ്ചി ക്കമ്പ് നീ നട്ടു പിടിപ്പിക്കണം. നിൻ്റെ മുടിയിലെ മൈലാഞ്ചി മണം എനിക്ക് നഷ്ടപ്പെടാതിരിക്കാൻ.
നമ്മുടെ മുറ്റത്തെ വള്ളി മുല്ലയിൽ നിന്ന് ഒരു കമ്പുകൂടി നട്ടേക്കണം. നീയല്പനേരം എൻ്റെയടുത്തിരിക്കുമ്പോൾ ഒന്നു കൈനീട്ടി തൊടാൻ വേണ്ടി......
തനിച്ചാണെന്ന തോന്നൽ നിന്നെ അസ്വസ്ഥതപ്പെടുത്തുന്നുവെങ്കിൽ നമ്മൾ ഒരുമിച്ച് യാത്ര ചെയ്ത വഴികളിലൂടെ ആൾ തിരക്കില്ലാത്ത ബസ്സിലെ സൈഡ് സീറ്റിലിരുന്ന് ഒരു യാത്ര പോകുക. ഉഷ്ണക്കാറ്റായോ ചാറ്റൽ മഴയായോ ഒരു വെയിൽ നാളമായെങ്കിലും നിന്നോടൊപ്പം ഞാനുമുണ്ടാവും.
പിന്നിലേക്കോടി മറയുന്ന സുന്ദരമായ കാഴ്ചകൾ പോലെ അതിവേഗം തീർന്നു പോകുന്നതാണ് ജീവിതവുമെന്ന തിരിച്ചറിവ് നിനക്കൽപ്പം ആശ്വാസം തന്നേക്കാം.
ഒരിക്കലും നീ തനിച്ചാവില്ല.....!
നിൻ്റെ ഓർമ്മകളിൽ ഞാൻ മരിച്ചാലല്ലാതെ. ജീവനറ്റ ശരീരത്തിൻ്റെ ഭാരം മാത്രമാണ് ഉപേക്ഷിക്കപ്പെടുന്നത്. മറ്റെല്ലാം നിന്നോടൊപ്പം ഉള്ളതു വരേയും ഞാൻ നിന്നിലൂടെ ജീവിക്കും. നീ തനിച്ചാവാതിരിക്കാൻ.
ഷെമീറ റാഫി