ഗുൽമോഹർ
പ്രണയം എന്തെന്നും എന്തിനോടെന്നും എന്തിനോടുമാവാമെന്നും അറിയണമെങ്കിൽ അവർ കുറിച്ചിട്ട അക്ഷരങ്ങളിലൂടെ യാത്ര ചെയ്യണം. ആ വാക്കിൻ്റെ ഉൾക്കാഴ്ച മനസ്സിലാക്കാൻ അവരുടെ ജീവിതം പഠിക്കണം. ഒരു നിമിഷമെങ്കിലും അവരെപ്പോലെ ചിന്തിക്കണം.
ഷെമീറ റാഫി
5/6/20251 min read


ഗുൽമോഹർ
പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ......🙏
പ്രണയം എന്തെന്നും എന്തിനോടെന്നും എന്തിനോടുമാവാമെന്നും അറിയണമെങ്കിൽ അവർ കുറിച്ചിട്ട അക്ഷരങ്ങളിലൂടെ യാത്ര ചെയ്യണം. ആ വാക്കിൻ്റെ ഉൾക്കാഴ്ച മനസ്സിലാക്കാൻ അവരുടെ ജീവിതം പഠിക്കണം. ഒരു നിമിഷമെങ്കിലും അവരെപ്പോലെ ചിന്തിക്കണം.പ്രണയം വില കുറഞ്ഞ ഒരു വികാരമല്ലെന്നു മനസ്സിലാക്കാൻ അവർ കണ്ട കൃഷ്ണനേയും അള്ളാഹുവിനെയും അറിയണം. മാധവിക്കുട്ടിയിൽ നിന്ന് കമലാസുരയ്യയിലേക്ക് ഒരു യാത്ര പോകണം. ഒത്തിരി തെറ്റിദ്ധരിക്കപ്പെട്ട സാഹിത്യകാരി - ഈ സമൂഹത്തിനു വേണ്ടി..... മാപ്പ്.സുരയ്യയുറങ്ങുന്ന മണ്ണിൽ നിന്നും ഒരു നെടുവീർപ്പിൻ്റെ ചൂട്പോലും പൊള്ളിക്കാതിരിക്കാൻ.... മാപ്പ്.🙏
"ഒരു കാമുകനോ കാമുകിയോ ഉള്ളിലുണ്ടായിരിക്കണം . ആ ഭാവനയിലാണ് എഴുത്തുകാരി ജീവിക്കുന്നത്. സൃഷ്ടികൾ ഉണ്ടാവുന്നത്. " ആ വാക്കുകളുടെ ആഴമാണ് പൂമരത്തോടുള്ള എൻ്റെ പ്രണയം. അഗാധമായി ഭ്രാന്തമായി ഈ പ്രകൃതിയിൽ എന്തിനോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ അത് പൂമരത്തിനോടാണ്,
പൂമരങ്ങളെ കാണാൻ വേണ്ടി മാത്രം യാത്ര ചെയ്യാൻ കൊതിച്ച ഒരു തരം ഭ്രാന്ത് . അതിനെ പ്രണയമെന്നു ഞാനും നിങ്ങളും വിളിക്കണം. മറ്റാരോടും പറയാനാവാത്ത ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ഭ്രാന്ത്.! ഉൾക്കാട്ടിലെവിടേയോ നിന്നു നിറഞ്ഞു പൂത്ത പൂമരം - അതാണെൻ്റെ പ്രണയത്തിൻ്റെ പ്രതീകം. കാടിറങ്ങി കുറേ മരങ്ങളോടു ചേർന്ന് പൂത്തു നിൽക്കുമ്പോൾ ......... ആ വ്യത്യസ്തത . !
അതല്ലേ എൻ്റെ പ്രണയം.....! വഴിയരികിൽ ചില്ലകളെ താഴേക്കു ചായ്ക്കുന്ന പൂത്തുലഞ്ഞ പൂമരങ്ങൾ... ഗ്രീഷ്മത്തിൻ്റെ കാഠിന്യം വക വെക്കാതെയുള്ള ആ നിൽപ്പ് കാണുമ്പോൾ തോന്നും ഇതാണ് വാശിയേറിയ പ്രണയമെന്ന്.
പാതയോരങ്ങളിലും നിർത്തിയിട്ട വാഹനങ്ങളിലും വഴിവാണിഭക്കാരുടെ ഉൽപന്നങ്ങളിലുമെല്ലാം പൂക്കൾ വിതറി കാറ്റിൽ ആടിയുലഞ്ഞ് അതങ്ങനെ നിൽക്കുന്നതുകാണുമ്പോൾ തോന്നും പൊരുതിനേടിയ പ്രണയത്തിൻ്റെ മറ്റൊരു മുഖമാണെന്ന്. എൻ്റെ പൂമരമേ ......നിന്നെ ഒന്നു പ്രേമിച്ചാലെന്ത്? എനിക്ക് നിന്നോടൊപ്പം കുറച്ചു നേരം ഇരിക്കാൻ , ഒന്നു കെട്ടിപ്പിടിക്കാൻ തോന്നിയാൽ എന്നെ ഭ്രാന്തിയെന്നു വിളിച്ചാൽ എനിക്കെന്ത്?
ഞാൻ കാണുന്ന നിൻ്റെ വന്യമനോഹാരിത, എന്നോടു നിനക്കുള്ള പ്രണയമാണെന്നു ഞാൻ പറയും. - നിന്നോളം എൻ്റെ ഹൃദയം കവർന്ന മറ്റൊരു പൂക്കളും ഇല്ലെന്ന്, അതിമനോഹരമായ ഗുൽമോഹർ - നീയാണ് പ്രണയിക്കുന്നവരുടെ പ്രചോദനമെന്ന് - ഞാൻ പറയും വസന്തത്തെ പോലും തോൽപിച്ച് ഗ്രീഷ്മകാലത്തിൻ്റെ തീവ്രതയിൽ ശിരസ്സുയർത്തി - തിമർത്തു പൂത്തുലയുന്ന നീയാണ് യഥാർത്ഥ പ്രണയം.
എൻ്റെ അതിരുകൾ ഭേദിച്ച മോഹം.....!
ഷെമീറ റാഫി