പൂമ്പാറ്റയും അമ്മയാണ്.
നീർമാതളത്തിൻ ചില്ലയിലിന്നൊരു ശലഭം
ഷെമീറ റാഫി
5/25/20241 min read


നീർമാതളത്തിൻ ചില്ലയിലിന്നൊരു ശലഭം വന്നതെന്തെന്നറിയുവാൻ തെല്ലു കുശലം ചോദിച്ചു ഞാനരികെ പോകവേ പറന്നങ്ങകലേക്കു പോയ് മറഞ്ഞവൾ....!
ഇലകൾ പറഞ്ഞാണറിഞ്ഞത്, അവളുടെ കുഞ്ഞിനൊരു തൊട്ടിലൊരുക്കുവാൻ -
ഏറെ ദൂരംപറന്നെൻ്റെ കൈകളിൽ മുത്തമിട്ടവൾ -സമ്മതം തേടുകയായിരുന്നു.
"അന്നം കൊടുക്കണം, സ്നേഹവുമൂട്ടണം. കാറ്റിനോടൊപ്പം തൊട്ടിലാട്ടി നീ ഉണ്ണിക്കുറങ്ങുവാൻ താരാട്ടുപാടണം.
തെല്ലു കുറുമ്പെങ്കിൽ തല്ലും കൊടുക്കണം. ചൊല്ലുവിളികളിൽ ശ്രദ്ധയുണ്ടാക്കണം.
വർണ്ണച്ചിറകുകൾ വിശിയെൻ പൊന്നുണ്ണി വാനിൽ മിന്നി പറക്കും വരേയ്കും നീ കണ്ണിമ ചിമ്മാതെ കാവലായിരിക്കണം.
പ്രാണൻ പകുത്തുനിൻ കൈകളിൽ നൽകുവാനല്ലാതെ, ആവില്ലെനിക്കെൻ്റെ കുഞ്ഞിനെകാണുവാൻ - മെല്ലെത്തലോടിയെൻ മാറോടു ചേർക്കുവാൻ ,
ആയുസ്സെനിക്കില്ല - ഏറെ ദിനങ്ങളെന്നറിഞ്ഞെൻ്റെ ജീവനെന്നപോൽ സ്വീകരിക്കണം, പ്രിയമിത്രമേ -സദയമീ അമ്മ തൻ വ്യഥകൾക്കുത്തരം നൽകണം".
നൊമ്പരമായല്ലോ ശലഭമേ - നീയൻ്റെ കൺപീലിയിലൊരു നീർത്തുള്ളിയായ് മാറിയോ ...... !
ആധി വേണ്ട - ഇനിയാ നീർമാതളച്ചിലകൾ ആട്ടുവാൻ ഞാനും വരുമെന്നറിയുക.
നിൻ പൈതലെ കാത്തിരിക്കുവാനിനി യൊരമ്മയുമുണ്ടെന്നറിഞ്ഞു -വിണ്ണിൽ വർണ്ണങ്ങൾ വാരി നീ പാറിപ്പറക്കുക...
ഷെമീറ റാഫി