മണിയാപ്പ
വർഷങ്ങൾ അമർത്തിയടച്ചിട്ടു പോയ വാതായനങ്ങൾ തുറക്കുമ്പോൾ അയാളുടെ ഓർമ്മകളിലും ഒരു മുറുക്കം ഉണ്ടായിരുന്നു.
ഷെമീറ റാഫി
7/19/20251 min read


മണിയാപ്പ
വർഷങ്ങൾ അമർത്തിയടച്ചിട്ടു പോയ വാതായനങ്ങൾ തുറക്കുമ്പോൾ അയാളുടെ ഓർമ്മകളിലും ഒരു മുറുക്കം ഉണ്ടായിരുന്നു. മഞ്ഞും മഴയും വെയിലും കൊണ്ട് കാലം നരപ്പിച്ച അയാളുടെ - കാലികൾക്കു പക്ഷേ അനുദിനം ചെറുപ്പം തോന്നിച്ചു.
ഈ പ്രായത്തിനിടക്ക് സ്നേഹിച്ചും വേദനിപ്പിച്ചും പോയ അനേകമനേകം കന്നുകാലികൾ മേഞ്ഞ വഴിയോരത്ത് ദൂരെ സൂര്യരശ്മികൾ പ്രതിഫലിക്കുന്ന റെയിൽപാളത്തിൽ നോക്കി അയാളിരുന്നു. മഴ പെയ്തു നനഞ്ഞ വഴിയരികിൽ ഇളം പുല്ലുകൾ കറുമ്പിക്കൊണ്ട് നിന്ന അയാളുടെ കന്നുകാലികൾ ഇടക്കിടെ മുഖമുയർത്തി വെയിൽ കൊണ്ടു.
നീളമുള്ള ഒരു വടി എപ്പോഴും കയ്യിലുണ്ടാവുമെങ്കിലും മണിയാപ്പക്കും കാലികൾക്കും അതിൻ്റെ ഉപയോഗമൊന്നും ഇല്ല. അയാളുടെ നോട്ടം തെറ്റി അവ എവിടേയുംപോവുകയുമില്ല. രാവിലെ കിട്ടുന്ന ചൂടുള്ള കാടിയേക്കാൾ അവർ കൊതിച്ചത് മണിയാപ്പയുടെ സ്നേഹം നിറഞ്ഞ തണുത്ത തലോടലിനായിരുന്നു.
അയാളെ കാണാൻ കൊതിച്ചു നിന്ന പോലെ എട്ടുകള്ളി തൊഴുത്തിൽ അവ തലയാട്ടി നിൽക്കുന്നുണ്ടാവും. അവർക്കരികിലെത്തുന്ന അയാൾക്കും അത്രമേൽ സ്നേഹമായിരുന്നു അവരോട്.
അയാളിരിക്കുമ്പോൾ മുട്ടിയുരുമ്മാനും പുറത്തും മടിയിലും കയറാനും പശുക്കുട്ടികൾ തിരക്ക് കൂട്ടും. ആ വൃദ്ധന് താൻ ജീവിക്കുന്നുണ്ടെന്നും ഒറ്റക്കല്ലെന്നുമുള്ള തോന്നലുമാണ് അപ്പോൾ ഉണ്ടാകുന്നത്.
ചിലപ്പോഴൊക്കെ അവരുടെ കുസൃതിയിൽ ഇരിക്കുന്ന മരത്തടിയിൽ നിന്നും വീഴാതിരിക്കാൻ മണ്ണിൽ കൈകൾ കുത്തി അയാൾ പിടിച്ചിരുന്നു.
ദൂരങ്ങൾ താണ്ടി വാഹനങ്ങളിൽ കൊണ്ടുവരുന്ന ചില കാലികളുടെ കഴുത്തിൽ കയർ മുറുകിയ മുറിപ്പാടുകൾ കാണുമ്പോൾ മണിയാപ്പയ്ക്ക് വല്ലാത്തൊരു പിടച്ചിലാണ്.ശ്വാസം കിട്ടാതെ പുറത്തേക്കുന്തിയ അവയുടെ കണ്ണുകൾ അങ്ങനെത്തന്നെയുണ്ടാവും. അരികിലെത്തി അയാൾ അവയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ കാലികൾ എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി അസ്വസ്ഥത യറിയിച്ചു. മണിയാപ്പ മെല്ലെ തഴുകവെ അവർ ശാന്തരായി അയാളോടു ചേർന്നുനിന്നു.
പതിവായി ആ മേച്ചിൽപ്പുറത്ത് മണിയാപ്പയുണ്ടാവും , കന്നുകാലികളും. കിടാവുള്ള ചുവന്ന പശുവിനെ കെട്ടിയ പന്തലിച്ചു നിൽക്കുന്ന വലിയ പേരാലിൻ്റെ മുകളിൽ ഒരു പക്ഷിക്കുട്ടം വന്നിരുന്നു. വല്ലാതെ കലമ്പിച്ചും ഇടക്കിടെ ചില്ലകൾ മാറിയും അവ കുറേ നേരം അവിടെ വട്ടമിട്ടു പറന്നു.
മണിയാപ്പ താഴേക്കു തൂങ്ങിയ ആൽമര വേരുകൾ ഉലച്ചപ്പോൾ അവ ദൂരേയ്ക്ക് പറന്നു പോയി.
തുള്ളിച്ചാടി നടന്ന ഒരു കന്നു കുട്ടി പാളത്തിനരികിലേക്ക് അടുത്തു കൊണ്ടിരുന്നതു കണ്ട അയാൾ മുന്നിൽചെന്നു തടുത്തുകൊണ്ട് വാൽസല്യത്തോടെ അതിനെ പശുവിനരികിലേക്ക് കൊണ്ടുവന്നു. മൂർദ്ധാവിലെ ചുഴിയിൽ തടവി ഇളം പുല്ലു പറിച്ച് അയാൾ കിടാവിനു നേരെ നീട്ടി. അത് തിരിഞ്ഞു പശുവിനരികിലേക്ക് ഓടിപ്പോകുന്നത് കൗതുകത്തോടെ അയാൾ നോക്കി നിന്നു.
പൈമ്പാൽ മണം മാറാത്ത കിടാവ് വെയിൽ നാളങ്ങളേൽക്കുമ്പോൾ - ഒരു ചെമ്പു കുടം തട്ടി മറിയുന്ന പോലെ പച്ചപ്പരപ്പിലെ സുന്ദരമായ കാഴ്ചയായി .
ഇടക്കിടെ സ്കൂൾ കുട്ടികളും വഴിയാത്രക്കാരും ആ വഴി വന്നും പോയുമിരുന്നു. സഞ്ചാര വേഗതയുള്ള വളഞ്ഞു പുളഞ്ഞ ഒരു കൂറ്റൻ തേരട്ടയെ പ്പോലെ കൗതുകമുണർത്തി പല തവണ തീവണ്ടികളും കടന്നു പോയി.
അപരിചിതരേക്കാൾ പരിചയമുള്ള നിരവധി മുഖങ്ങൾ തനിക്കു മുൻപിലൂടെ കടന്നുപോയെങ്കിലും മണിയാപ്പയെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആരെങ്കിലും ശ്രദ്ധിക്കണമെന്ന് അയാൾക്ക് തോന്നിയതും ഇല്ല.
ദൂരെ ദൂരെ എന്തിനെന്നോ എവിടേക്കെന്നോ അറിയാതെ വെറുതെ അയാൾ കണ്ണും നട്ടിരുന്നു.
ലക്ഷ്യങ്ങളില്ലാതെ പ്രതീക്ഷകളില്ലാതെ ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളില്ലാതെ വെറുതെ വെറുതേ അയാളിരുന്നു. അലസമായി പാറിക്കിടന്ന മുടിയിഴകൾ കാറ്റിൽ ജീവിക്കാൻ കൊതിച്ചെങ്കിലും അയാളതിനെ കോതിയൊതുക്കി പിടിച്ചുവച്ചു.
വെയിലേറ്റു ജലാംശം വറ്റിയ പുല്ലുതിന്നു മതിവന്ന പശുക്കൾ മണിയാപ്പയ്ക്കടുത്തു വെറുതെ കിടന്നു. അയാൾ തൊട്ടപ്പോൾ അയവെട്ടാൻ മറന്ന പോലെ അവ അയാൾക്കടുത്തേക്ക് തലചായ്ച്ചു. ആ മിണ്ടാ പ്രാണികളുടെ സ്നേഹവായ്പിൽ
മണിയാപ്പയുടെ കണ്ണുകൾ ഈറനണിഞ്ഞെങ്കിലും ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ അയാൾ പ്രയാസപ്പെട്ടു.
നേരം സന്ധ്യയോടടുത്തപ്പോൾ കാലികൾ മെല്ലെ എഴുന്നേറ്റു വെറുതെയെങ്കിലും വീണ്ടും പുൽനാമ്പുകൾ കടിച്ചും മരത്തിൽ കൊമ്പുകൾ ഉരസിയും തിരിച്ചു നടക്കാനുള്ള ഓർമ്മപോലെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു.
ആ സമയം ഇലകളഞ്ഞെടുത്ത ഒരു വട്ട മരത്തിൻ്റെ കമ്പുമായി അയാൾ വന്നു.
കൃഷ്ണേട്ടൻ.
"മ്പ -മ്പ - നടക്ക് പയ്യേ ..... "എന്നു തെല്ലു ശകാരിച്ചു കൊണ്ട് അയാൾ കയ്യിലെ കമ്പുയർത്തി പശുക്കളെ തെളിച്ചു കൊണ്ടുപോകുന്നത് വിഷമത്തോടെ മണിയാപ്പ നോക്കി നിന്നു. ഒന്നു പരിഭവിക്കാനാവാതെ ഒരു കന്നു കുട്ടിയെ പോലും കൈയിലെടുക്കാനാവാതെ കാലികളേയും കിടാങ്ങളേയും വേദനയോടെ യാത്രയാക്കി
കൺമറയുവോളം നോക്കി നിന്ന അയാൾ കൈയിലിരുന്ന നീണ്ട വടി ആൽമരത്തിനു താഴെ ചാരിവച്ച് തീവണ്ടികൾ മാഞ്ഞു പോയ പാളത്തിലേക്ക് മെല്ലെ നടന്നു.
ഒരു തണുത്ത കാറ്റായി സന്ധ്യയുടെ ഒരു മങ്ങിയ നിറമായി അയാളതിൽ ലയിച്ചു ചേർന്നു. ഇരുട്ട് ആ ആത്മാവിനെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.
കൃഷ്ണേട്ടൻ വീട്ടിലെത്തിയപ്പോഴേക്കും മകൾ കന്നുകാലികൾക്കുള്ള കാടി തയ്യാറാക്കിയിരുന്നു. ഇളം ചൂടോടെത്തന്നെ അവരതു മുഴുവനും കുടിച്ചു. ഓരോരുത്തരെയായി അഴികളിൽ ബന്ധിച്ചും ഇളം കിടാങ്ങളെ മാറ്റിക്കെട്ടിയും പുൽകൂട്ടിൽ വൈക്കോൽ നിറച്ചും അയാൾ പശുക്കളുടെ പുലരും വരെയുള്ള കാവൽക്കാരനായി .
കൈകാലുകൾ കഴുകി തുവർത്തിക്കൊണ്ടു മുറ്റത്തേക്കുവന്ന കൃഷ്ണേട്ടൻ്റെ നേരെ മകൾ ദീപം നീട്ടി.
കൈകളിൽ ദീപ ചൈതന്യം തൊട്ടെടുത്ത് അയാൾ നെഞ്ചോടു ചേർത്തു. .
ആ പെൺകുട്ടി തെക്കേ മുറ്റത്തു മണ്ണിലുയർന്നുനിൽക്കുന്ന അസ്ഥിത്തറയിൽ കൂടി ദീപം തെളിച്ചു. ഒരുപിടി പൂക്കളും സമർപ്പിച്ച് അവിടെയുറങ്ങുന്ന വല്യച്ഛനായി അവൾ ആദരവോടെ പ്രാർത്ഥിച്ചു.
അസ്തമിച്ചു തുടങ്ങിയ സൂര്യൻ ബാക്കി വച്ച ഇത്തിരി പ്രഭാവത്തിൽ അസ്ഥിത്തറയിൽ ഇങ്ങനെ തെളിഞ്ഞു കാണാമായിരുന്നു.
മണിയാപ്പ
ജനനം 1912
മരണം 1989.
- ഷെമീറ റാഫി